ഷാരോണ്‍ വധക്കേസില്‍ വധശിക്ഷ വിധിച്ചു കൊണ്ടുള്ള കോടതി വിധി പ്രതി ഗ്രീഷ്മ നിര്‍വികാരയായിട്ടാണ് കേട്ടത്. വിധി പ്രസ്താവിച്ചുകൊണ്ടുള്ള, നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജിയുടെ നിരീക്ഷണങ്ങളെല്ലാം തലകുനിച്ച് നിര്‍വികാരതയോടെ ഗ്രീഷ്മ കേട്ടുനില്‍ക്കുകയായിരുന്നു. കേസില്‍ മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ച മൂന്നാം പ്രതി നിര്‍മലകുമാരന്‍ നായരും നിര്‍വികാരതയോടെയാണ് വിധി കേട്ടത്.

വിധിയിൽ പൂർണ തൃപ്തിയുണ്ടെന്ന് ഷാരോണിന്‍റെ മാതാവ് പ്രതികരിച്ചു.നീതിമാനായ ജഡ്ജിക്ക് ഒരായിരം നന്ദിയുണ്ടെന്നും വിധി കേട്ടശേഷം കോടതി മുറിയിൽനിന്ന് പുറത്തുവന്ന ഷാരോണിന്‍റെ മാതാവ് മാധ്യമങ്ങളോട് പൊട്ടിക്കരഞ്ഞു പറഞ്ഞു.

‘മാതൃകാപരമായ ശിക്ഷാവിധിയാണ് കോടതിയിൽനിന്നുണ്ടായത്. നിഷ്‌കളങ്കനായ എന്റെ മോന്റെ നിലവിളി കണ്ട് ജഡ്ജിയുടെ രൂപത്തിൽ ദൈവമിറങ്ങിവന്നു. ഞങ്ങൾ പ്രതീക്ഷിച്ച ഏറ്റവും വലിയ ശിക്ഷാ വിധി തന്നെ കിട്ടി’ -മാതാവ് പ്രതികരിച്ചു.

വിധി കേട്ട് ഷാരോണിന്റെ അച്ഛനും അമ്മയും കോടതി മുറിയിൽ പൊട്ടിക്കരഞ്ഞു. നേരത്തെ, ഷാരോണിന്‍റെ കുടുംബത്തെ ജഡ്ജി മുറിയിലേക്ക് വിളിപ്പിച്ചിരുന്നു. പിന്നാലെയാണ് വിധി കേൾക്കാനായി ഇരുവരും കോടതി മുറിയിലെത്തിയത്. വീട്ടിലേക്ക് വിളിച്ചു വരുത്തി കാമുകൻ ഷാരോൺ രാജിനെ കീടനാശിനി കലർത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കാമുകിയും ഒന്നാം പ്രതിയുമായ ഗ്രീഷ്മക്ക് വധശിക്ഷയാണ് നെയ്യാറ്റിൻകര അഡീഷനൽ സെഷൻ കോടതി ശിക്ഷ വിധിച്ചത്. ഗ്രീഷ്മയുടെ അമ്മാവനും കേസിലെ മൂന്നാം പ്രതിയുമായ നിർമല കുമാരൻ നായർക്ക് മൂന്നു വർഷം തടവും വിധിച്ചു. കൊലപാതകത്തിൽ പ്രതികൾക്കുള്ള പങ്ക് വിവരിക്കുന്ന 586 പേജുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചത്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed