സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് ഉടൻ വർധിക്കില്ല. നിലവിലെ നിരക്കിന്റെ കാലാവധി നവംബർ 30 വരെ നീട്ടി. വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടു. നിലവിലെ നിരക്കിന്റെ കാലാവധി ഈമാസം 31ന് തീരാനിരിക്കെയാണ് കമ്മിഷന്റെ നടപടി. ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് താരിഫ് വർധന നീട്ടിയതെന്നാണ് സൂചന.
ഒക്ടോബർ അവസാനവാരം 2024-25 വർഷത്തെ പുതുക്കിയ നിരക്ക് പ്രഖ്യാപിച്ച് നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുത്താനായിരുന്നു റഗുലേറ്ററി കമ്മിഷന്റെ നീക്കം. എന്നാൽ ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്ന സാഹചര്യത്തിൽ വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത് തിരിച്ചടിയാകുമെന്ന ആശങ്ക മൂലം സർക്കാർ ഇതിനെ അനുകൂലിച്ചിരുന്നില്ല.
ഗാർഹിക ഉപഭോക്താക്കൾക്ക് ഈ വർഷം യൂണിറ്റിന് 34 പൈസ വർധിപ്പിക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. 2025 ജനുവരി മുതൽ മേയ് വരെ യൂണിറ്റിന് 10 പൈസ വേനൽക്കാല നിരക്ക് ഈടാക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
താരിഫ് പെറ്റിഷനിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പും പൂർത്തിയാക്കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വൈദ്യുതി റഗുലേറ്ററി കമ്മിഷന് ബാധകമല്ലെങ്കിലും നിരക്ക് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപ് സർക്കാരിന്റെ അഭിപ്രായം കൂടി തേടുന്നതാണ് രീതി. ഈ പശ്ചാത്തലത്തിലാണ് നിലവിലെ താരിഫ് ഒരുമാസം കൂടി നീട്ടുന്നത്.
വൈദ്യുതി ബോർഡ് ആദ്യം സമർപ്പിച്ച താരിഫ് പെറ്റിഷനിൽ വിശദാംശങ്ങൾ ചോദിച്ചത് ഉൾപ്പടെയുള്ള നപടിക്രമങ്ങൾ വൈകിയതിനാൽ നിലവിലെ താരിഫ് കാലാവധി രണ്ടുതവണ നീട്ടിയിരുന്നു. അടുത്തമാസം അവസാനമോ ഡിസംബർ ആദ്യമോ പുതിയനിരക്ക് പ്രഖ്യാപിക്കാനാണ് സാധ്യത.
There is no ads to display, Please add some