പി പി ദിവ്യക്ക് ഇന്ന് നിര്‍ണായക ദിനം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കണ്ണൂർ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താന്‍ തക്ക പ്രവര്‍ത്തി താന്‍ ചെയ്തിട്ടില്ലെന്നാണ് ദിവ്യയുടെ പ്രധാന വാദം. ഏത് ഉപാധികളും അംഗീകരിക്കാം എന്നും സ്ത്രീയെന്ന പരിഗണന നല്‍കി മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ദിവ്യ കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്. പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകനും ദിവ്യയുടെ വാദങ്ങളെ കോടതിയില്‍ ഖണ്ഡിച്ചിരുന്നു.
കോടതി വിധി ദിവ്യയ്ക്കും അന്വേഷണ സംഘത്തിനും നിര്‍ണായകമാണ്. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ ഇന്നുതന്നെ അന്വേഷണ സംഘത്തിന് മുന്നില്‍ ദിവ്യ ചോദ്യം ചെയ്യലിന് ഹാജരാകും. മറിച്ചാണെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുകയോ കോടതിയില്‍ കീഴടങ്ങുകയോ ചെയ്യും. ജാമ്യാപേക്ഷ തള്ളുകയാണെങ്കില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് അന്വേഷണ സംഘത്തിന് കടക്കേണ്ടി വരും.
വിധിക്കുശേഷം ദിവ്യയ്‌ക്കെതിരെയുള്ള പാര്‍ട്ടി നടപടികളിലും തീരുമാനമുണ്ടാകും. അതേസമയം അമിത രക്തസമ്മര്‍ദത്തെ തുടര്‍ന്ന് ദിവ്യ ഇന്നലെ വൈദ്യസഹായം തേടിയിരുന്നു. ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.
നവീന്‍ ബാബുവിന്റെ മരണത്തിലെ ലാന്‍ഡ് റവന്യൂ വകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറിയിരുന്നു. എന്‍ഒസി നല്‍കുന്നതില്‍ നവീന്‍ ബാബുവിന് കാലതാമസം വന്നിട്ടില്ലെന്നും കോഴ വാങ്ങിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.
There is no ads to display, Please add some