തിരക്കേറിയ സമയങ്ങളിൽ, പ്രത്യേകിച്ച് തിരക്കേറിയ നഗരങ്ങളിൽ, നിരവധി ഇരുചക്രവാഹന യാത്രക്കാർ പലപ്പോഴും ഫുട് പാത്തിലൂടെ സഞ്ചരിക്കുന്നത് കാണാം. തിരക്ക് ഒഴിവാക്കാൻ ഇങ്ങനെ തിരക്കേറിയ സമയങ്ങളിൽ ഫൂട് പാത്തിലൂടെ ഇരുചക്ര വാഹനം ഓടിക്കുന്നവരിൽ ഒരാളാണോ നിങ്ങളും?

എങ്കിൽ, ഈ ശീലം നിങ്ങളെ ഉടൻ തന്നെ കുഴപ്പത്തിലാക്കിയേക്കാം. ഇത്തരം നിയമലംഘനങ്ങളെ കയ്യോടെ പിടികൂടാൻ കേരളാ പൊലീസ് തയ്യാറെടുക്കുകയാണ്. ഇതുസംബന്ധിച്ച് ഒരു വീഡിയോ ഇപ്പോൾ പൊലീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ അക്കൗണ്ടിൽ പങ്കുവെച്ച ഈ വീഡിയോയിൽ ഫുട് പാത്തിലൂടെ ഓടിച്ചുപോകുന്ന ഇരുചക്ര വാഹനങ്ങളെയാണ് കാണിക്കുന്നത്.

ഇതു സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള പരാതികൾ 9747001099 എന്ന വാട്സ്ആപ്പ് നമ്പറിൽ അറിയിക്കാം എന്നും വീഡിയോയിലൂടെ അധികൃതർ വ്യക്തമാക്കുന്നു. അത്തരം വാഹനങ്ങളുടെ ഫോട്ടോ അല്ലെങ്കിൽ വീഡിയോ, തീയതി, സമയം, സ്ഥലം, ജില്ല എന്നിവയും പരാതിയോടൊപ്പം ചേർക്കണമെന്നും പൊലീസ് വ്യക്തമാക്കുന്നു.

നടപ്പാതകൾ കാൽനടയാത്രക്കാർക്ക് മാത്രം ഉപയോഗിക്കാനുള്ളതാണ്, ഇരുചക്രവാഹന യാത്രക്കാർ ട്രാഫിക്ക് എത്രമാത്രം കടുപ്പമുണ്ടെങ്കിലും ഈ പാതകൾ ഉപയോഗിക്കരുത്. വാഹനങ്ങൾ ഈ വഴിയിലൂടെ കയറുന്നത് കാൽനടയാത്രക്കാർക്കും ഫുട്പാത്തിലൂടെയുള്ള യാത്ര അപകടകരമാക്കും. കൂടാതെ ടൂവീലർ ഈ വഴി പോകുമ്പോൾ അപകടത്തിൽപ്പെട്ട് റോഡിൽ വീണാൽ രണ്ടുപേർക്കും പരിക്കേൽക്കും. മാത്രമല്ല, മോട്ടോർ വാഹനങ്ങൾ ഇടയ്ക്കിടെ സഞ്ചരിക്കുന്നതുമൂലം ഫുട്പാത്തിലെ ഇൻ്റർലോക്ക് ടൈലുകൾ തകരുന്നതും പലയിടത്തും പതിവാണ്.

പൊതുനിരത്തിൽ വാഹനം ഓടിക്കുമ്പോൾ അങ്ങേയറ്റം ശ്രദ്ധയും സംയമനവും പാലിക്കേണ്ടത് അത്യാവശ്യമാണ്. അശ്രദ്ധമായ ഡ്രൈവിങ് വാഹനത്തിലെ യാത്രക്കാർക്കും ഡ്രൈവർക്കും മാത്രമല്ല, നിരത്തിലെ മറ്റു യാത്രക്കാർക്കും അപകടമുണ്ടാക്കുമെന്നും പൊലീസ് പൊതുജനങ്ങളെ ഉണർത്തുന്നു. അതുകൊണ്ട് ഉത്തരവാദിത്തത്തോടെ വാഹനമോടിക്കാനും റോഡുകളിലെ സുരക്ഷ ഉറപ്പാക്കാൻ ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും എപ്പോഴും പാലിക്കാനും യാത്രികർ ശ്രദ്ധിക്കുക.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed