ഗള്‍ഫ് രാജ്യങ്ങളിലേക്കുളള ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടി വിമാന കമ്പനികള്‍. അവധി കഴിഞ്ഞ് ഗള്‍ഫിലെ സ്കൂളുകള്‍ തുറക്കുന്ന സമയം നോക്കി പതിനായിരക്കണക്കിന് പ്രവാസികള്‍ മടങ്ങിപ്പോകാന്‍ തയാറെടുക്കുമ്പോഴാണ് ടിക്കറ്റ് വില മൂന്നു മുതല്‍ അഞ്ചിരട്ടി വരെ ഉയര്‍ന്നു പൊങ്ങിയിരിക്കുന്നത്. വിമാനക്കമ്പനികളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടികളുണ്ടാകാത്തതാണ് തോന്നിയ പോലെയുളള വില വര്‍ധനയ്ക്കെന്ന പരാതി പ്രവാസികള്‍ക്കിടയില്‍ ശക്തമാണ്.

ഗള്‍ഫ് രാജ്യങ്ങളിലേക്കുളള യാത്രയ്ക്ക് പ്രവാസികള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വെബ്‍സൈറ്റില്‍ നിന്ന ലഭിക്കുന്ന വിവരമനുസരിച്ച് ഈ ദിവസങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുളള യാത്രയ്ക്ക് മിനിമം 30,000 രൂപ കൊടുക്കണം. ചില വിമാനങ്ങള്‍ക്ക് ഈ തുക കയറിക്കയറി ഒരു ലക്ഷത്തിന് അടുത്ത് വരെ എത്തിയിട്ടുണ്ട്. സാധാരണ സമയങ്ങളില്‍ 10,000 മുതൽ 15,000 വരെ നിരക്കില്‍ കിട്ടുന്ന ടിക്കറ്റിനാണ് ഈ വർദ്ധനവെന്ന് ഓര്‍ക്കണം.

എയര്‍ ഇന്ത്യ എക്സ്പ്രസില്‍ മാത്രമല്ല ഗള്‍ഫിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങളിലെല്ലാം വിമാനം പോലെ മേലേക്ക് കുതിച്ചിരിക്കുകയാണ് ടിക്കറ്റ് വില. കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള ശരാശരി ടിക്കറ്റ് നിരക്ക് 30,000 മുതല്‍ 98,000 വരെയാണ്. കോഴിക്കോട്ടൂന്ന് ദുബായിലേക്ക് പോകണമെങ്കില്‍ മിനിമം 45,000 രൂപ കൊടുക്കണം. അബുദാബിയിലേക്കുളള ടിക്കറ്റ് നിരക്ക് 35,000 മുതല്‍ 85,000 വരെയാണ്. കുട്ടികളുടെ അവധി കഴിഞ്ഞ് സ്കൂളുകള്‍ തുറക്കും മുമ്പ് ഗള്‍ഫിലേക്ക് മടങ്ങുന്ന ഒരു നാലംഗ പ്രവാസി കുടുംബം ടിക്കറ്റിനായി ഒന്നര ലക്ഷം മുതല്‍ 3 ലക്ഷം രൂപ വരെ മുടക്കേണ്ടുന്ന സ്ഥിതി.

ഡിമാന്‍ഡ് കൂടുന്നതിനനുസരിച്ച് കമ്പനികൾ തോന്നിയ പോലെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുകയാണെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു. യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് സ‍ർവീസുകൾ ഇല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. എല്ലാ സീസണിലും ഈ നിരക്ക് വര്‍ധനവിനെ കുറിച്ച് പ്രവാസികള്‍ നിരന്തരം പരാതി പറഞ്ഞിട്ടും മാധ്യമങ്ങള്‍ നിരന്തരം വാര്‍ത്ത കൊടുത്തിട്ടും അവര്‍ നിരക്ക് കുറയ്ക്കുന്ന ലക്ഷണമേയില്ല. നാടിന് വിദേശനാണ്യം എത്തിക്കുന്ന പ്രവാസികളുടെ ഈ നീറുന്ന പ്രശ്നം പരിഹരിക്കാന്‍ എന്തുകൊണ്ട് സര്‍ക്കാരുകള്‍ ഇടപെടല്‍ നടത്തുന്നില്ല എന്ന ചോദ്യമാണ് ബാക്കി.

Leave a Reply

Your email address will not be published. Required fields are marked *