ഉമ്മൻ ചാണ്ടിയുടെ പൂരണകായ മെഴുകു പ്രതിമ കണ്ട് വിതുമ്പി ഭാര്യ മറിയാമ്മയും മകൾ മറിയയും. തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ സുനിൽസ് വാക്സ് മ്യൂസിയത്തിലാണ് ഒറിജിനലിനെ വെല്ലുന്ന മെഴുകു പ്രതിമ സ്‌ഥാപിച്ചത്. വർഷങ്ങൾക്ക് മുമ്പത്തെ ഊർജസ്വലനായ ഉമ്മൻ ചാണ്ടി മുമ്പിൽ വന്ന് നിൽക്കുന്നതായി തോന്നുന്നുവെന്നായിരുന്നു മറിയാമ്മയുടെ പ്രതികരണം.

ഖദർ മുണ്ടും ഷർട്ടുമണിഞ്ഞ് ഉമ്മൻ ചാണ്ടി …ജനക്കൂട്ടത്തെ കാണുമ്പോൾ ഹൃദയം നിറഞ്ഞ് പുറത്തു വരുന്ന അതേ പുഞ്ചിരി മുഖത്ത് … ട്രേഡ് മാർക്കായ ചീകിയൊതുക്കാത്ത ആ മുടിയിഴകൾ പോലും അതുപോലെ തന്നെ .. പ്രിയപത്നി മറിയാമ്മ ആ കണ്ണുകളിലേയ്ക്ക് ഒരു നിമിഷം ഒന്നു നോക്കി നിന്നു. ഏറെ സ്നേഹത്തോടെ ആ മുഖത്ത് തൊട്ടു. കൈയിൽ പിടിച്ചു നോക്കി, ചേർന്നു നിന്നു. പിന്നെ ഓർമകൾ തിര തളളിയപ്പോൾ കണ്ണു നിറഞ്ഞ് വിതുമ്പി….പിതാവിൻ്റെ ഒറിജിനലിനെ തോല്‌പിക്കുന്ന രൂപം മുന്നിൽ കണ്ട് മകൾ മറിയയും വിങ്ങിപ്പൊട്ടി.

മകൻ ചാണ്ടി ഉമ്മൻ എം എൽ എയും കൊച്ചുമകൻ എഫിനോവയും ചടങ്ങിനെത്തിയിരുന്നു. ഉമ്മൻ ചാണ്ടി ജീവിച്ചിരിക്കുമ്പോൾ തന്നെ അളവുകളെടുത്ത് നിർമിക്കാനുദേശിച്ച പ്രതിമ പൂർത്തിയായത് ഒന്നാം ചരമവാർഷികമെത്തുമ്പോൾ. അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ തന്നെയാണ് അണിയിച്ചിരിക്കുന്നത്. ശില്‌പി സുനിൽ കണ്ടല്ലൂർ നിർമിച്ച പ്രതിമ അദ്ദേഹത്തിന്റെ കിഴക്കേക്കോട്ടയിലെ വാക്സ് മ്യൂസിയത്തിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed