കോഴിക്കോട്: ദുൽഹിജ്ജ് മാസപ്പിറ കണ്ടതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ ബലിപെരുന്നാൾ തിങ്കളാഴ്‌ച. ഇന്ന് ദുൽഹിജ്ജ ഒന്നും ജൂൺ 17നു ബലിപെരുന്നാളും ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. കാപ്പാട്, കടലുണ്ടി, പൊന്നാനി, കാസർകോട് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മാസപ്പിറ കണ്ടിട്ടുണ്ട്.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നാഇബ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങളുടെ നാഇബ് സയ്യിദ് അബ്ദുല്ലക്കോയ ശിഹാബുദ്ദീൻ തങ്ങൾ, മറ്റു ഖാസിമാരായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എ.പി അബൂബക്കർ മുസ്ല‌ിയാർ, തിരുവനന്തപുരം പാളയം ഇമാം വി.പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി, സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, സയ്യിദ് നാസർഹയ്യ് ശിഹാബ് തങ്ങൾ എന്നിവരാണു മാസപ്പിറ വിവരം അറിയിച്ചത്.

സൗദി അറേബ്യയിൽ കഴിഞ്ഞ ദിവസം മാസപ്പിറ ദൃശ്യമായതിനാൽ ഗൾഫിൽ ബലിപെരുന്നാൾ ജൂൺ 16നാണ്. മാസപ്പിറ കാണാത്തതിനാൽ ഒമാനിൽ മാത്രം ബലിപെരുന്നാൾ ജൂൺ 17ന് കേരളത്തോടൊപ്പമായിരിക്കും.

ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 15ന് നടക്കും. ജൂൺ 14നു വെള്ളിയാഴ്ച്‌ച ഹജ്ജിനായി തീർഥാടകർ മിനായിലേക്ക് നീങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

You missed