തൃശൂർ: മാലോകരെ തേക്കിൻകാട് മൈതാനിയിലേക്കു ക്ഷണിച്ച് പൂരപ്രേമത്തിന്റെ സ്വർഗവാതിൽ തുറന്നു. ചമയങ്ങളോടെ കൊമ്പൻ എറണാകുളം ശിവകുമാർ തെക്കേഗോപുര നട തുറന്ന് തുമ്പിക്കൈ ഉയർത്തിയപ്പോൾ ആർപ്പുവിളിച്ച് ജനക്കൂട്ടം വരവേറ്റു. ഇനി തൃശൂർ പൂരത്തിന്റെ മണിക്കൂറുകൾ. നെയ്തലക്കാവിലമ്മയുടെ കോലമേന്തി നിലപാടുതറയിലെത്തി തുമ്പിക്കൈ ഉയർത്തി ജനക്കൂട്ടത്തെ വണങ്ങിയാണു ശിവകുമാർ പൂരം വിളംബരം ചെയ്തത്.
കുറ്റൂർ നെയ്തലക്കാവിൽനിന്നു രാവിലെ എട്ടോടെ ആൾക്കൂട്ടത്തിന്റെ അകമ്പടിയോടെയാണു ശിവകുമാർ വടക്കുന്നാഥ ക്ഷേത്രത്തിലേക്കു തിടമ്പുമായി പുറപ്പെട്ടത്. എഴുന്നള്ളിപ്പ് തേക്കിൻകാട് മൈതാനത്തെത്തുമ്പോൾ ജനം പെരുകിയാർത്തു. ശ്രീമൂലസ്ഥാനത്തു പാണ്ടിമേളം കേട്ടുനിന്നവർക്കു ഒരു ഘടകപൂരം കണ്ട ആഹ്ലാദം. പടിഞ്ഞാറേനടയിലൂടെ എഴുന്നള്ളിപ്പ് വടക്കുന്നാഥ ക്ഷേത്രമതിൽക്കെട്ടിനുള്ളിലേക്ക്.
3 ശംഖുവിളികൾ ഉള്ളിൽ മുഴങ്ങിയപ്പോൾ പുറത്ത് ജനാരവം.
വെയിൽ കത്തിയാളുന്നതിനിടെ തെക്കേ ഗോപുരനടയിലേക്കു മിഴിനട്ടു കാത്തിരുന്നവരെ കോരിത്തരിപ്പിച്ച് ഉള്ളിലെ ആദ്യവാതിൽ തുറന്നു. അകത്തു നിഴൽപോലെ ശിവകുമാറിന്റെ ചെവിയാട്ടം. നെറ്റിപ്പട്ടത്തിന്റെയും കോലത്തിന്റെയും തിളക്കം. പുറത്തു മേളത്തേക്കാൾ ഉച്ചത്തിൽ ജനഘോഷം. മുൻകാലുകൊണ്ടു ഗോപുരവാതിൽ അകത്തേക്കു വലിച്ചു തുറന്നു ശിവകുമാർ പുറത്തേക്കിറങ്ങി. പൂരപ്രേമികൾ ആർത്തുവിളിച്ചു.
എല്ലാ കൈകളിലും മൊബൈൽ ഫോണുകൾ ഉയർന്നു. നിലപാടുതറയിലെത്തി ശിവകുമാർ ജനത്തിനു നേർക്കു തുമ്പിയുയർത്തി അഭിവാദ്യംചെയ്തു
There is no ads to display, Please add some