തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകനെ വെല്ലുവിളിച്ച് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ. എംഎസ് ഗോപീകൃഷ്ണൻ എന്ന എസ്കോർട്ട് ഉദ്യോഗസ്ഥനാണ് ഭീഷണി മുഴക്കിയത്. കൊല്ലത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ പോസ്റ്റിന് മറുപടിയായിട്ടാണ് പൊലീസുകാരന്റെ വെല്ലുവിളി.
കഴിയുമെങ്കിൽ വണ്ടി വരുമ്പോൾ വഴിയിൽ ഒന്നു തടഞ്ഞുനോക്ക് കടയ്ക്കൽ… എല്ലാ മറുപടിയും അന്നു തരാം എന്നാണ് പൊലീസ് ഉദ്യോഗസ്ഥൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷാചുമതല വഹിക്കുന്ന സെക്യൂരിറ്റി വിഭാഗത്തിലെ പൊലീസ് ഉദ്യോഗസ്ഥനാണ് കുറിപ്പിട്ട ഗോപീകൃഷ്ണൻ.
കടയ്ക്കലിലുള്ള യൂത്ത് കോൺഗ്രസ് നേതാവ് കുമ്മിൾ ഷമീർ മുഖ്യമന്ത്രി സംഘടിപ്പിക്കുന്ന യോഗത്തിൽ പങ്കെടുക്കുന്ന പൗരപ്രമുഖർ ആരാണെന്ന് നേരത്തെ വിവരാവകാശ നിയമപ്രകാരം ചോദ്യം ചോദിച്ചിരുന്നു. ഈ ചോദ്യത്തിന് ലഭിച്ച ഉത്തരം സഹിതം ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. ഇതിന് താഴെ കമന്റായിട്ടാണ് പൊലീസ് ഉദ്യോഗസ്ഥന്റെ വെല്ലുവിളി. ഇതിനെതിരെ നിരവധി പ്രതികരണങ്ങളാണ് വരുന്നത്.


