ഐക്യത്തിന്റെയും സമാധാനത്തിന്റെയും സമൃദ്ധിയുടേയും നല്ല നാളെകൾക്കായി ഒരു കേരളപ്പിറവി ദിനംകൂടി വരവായി..ഐക്യ കേരളം രൂപം കൊണ്ടിട്ട് ഇന്ന് അറുപത്തിയേഴ് വർഷങ്ങള്‍ പിന്നിടുന്നു. വർഷങ്ങള്‍ നീണ്ട് നിന്ന ആവശ്യങ്ങള്‍ക്ക് ശേഷം 1956 നവംബർ ഒന്നിന് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടാണ് കേരള സംസ്ഥാനം രൂപീകരിച്ചത്.
സർക്കാർ തലത്തിലും അല്ലാതെയുമായി വിപുലമായ രീതിയില്‍ ഇത്തവണയും കേരളപ്പിറവി ആഘോഷിക്കുന്നു. സർക്കാർ നടത്തുന്ന കേരളീയം പരിപാടിയാണ് ഇത്തവണത്തെ മുഖ്യ ആകർഷണീയത.തിരുവനന്തപുരത്ത് ഇന്നു മുതൽ നവംബർ ഏഴുവരെയാണ് കേരളീയം ആഘോഷം. പരിപാടിയുടെ ഉദ്ഘാടനം രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും.
ഉദ്ഘാടന ചടങ്ങിൽ യു.എ.ഇ, ദക്ഷിണ കൊറിയ, നോർവേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ, ചലച്ചിത്ര താരങ്ങളായ കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന, മഞ്ജു വാര്യർ, വ്യവസായപ്രമുഖരായ എംഎ യൂസഫലി, രവി പിള്ള, ആരോഗ്യമേഖലയിലെ പ്രമുഖ വ്യക്തിത്വമായ ഡോ. എംവി പിള്ള എന്നിവരുൾപ്പെടെ പങ്കെടുക്കും.
കവടിയാർ മുതൽ കിഴക്കേ കോട്ട വരെ 42 വേദികളിലായാണ് കേരളീയം അരങ്ങേറുന്നത്. നവകേരളത്തിന്റെ ഭാവി രൂപരേഖ തയാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 25 സെമിനാറുകളാണ് 5 വേദികളിലായി നടക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം ആറു മുതൽ കലാപരിപാടികൾ അരങ്ങേറും. എക്സിബിഷൻ, ട്രേഡ് ഫെയർ, ഭക്ഷ്യമേളകൾ തുടങ്ങി മറ്റെല്ലാ പരിപാടികളും രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ ഉണ്ടാകും.
.
There is no ads to display, Please add some