കൊച്ചി: പൊലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയ നടന്‍ വിനായകനെതിരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി വിട്ടയച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി കൊച്ചി ഡിസിപി. വിനായകനെതിരായ നിയമനടപടികള്‍ അവസാനിച്ചിട്ടില്ലെന്നും മൂന്ന് വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും ഡിസിപി പറഞ്ഞു. വിനായകന്റെ ഭാര്യയുടെ പരാതില്‍ അന്വേഷണം നടക്കുന്നതായും ഡിസിപി എസ് ശശിധരന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് നടനെതിരെ കേസ് എടുത്തത്. ഇത് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതോടൊപ്പം പൊലീസ് ഉദ്യഗസ്ഥരോട് മോശമായി പെരുമറിയതിന് പ്രത്യേകം കേസ് എടുത്തതായും ഡിസിപി പറഞ്ഞു. ഇതിന് രണ്ടുവര്‍ഷം വരെയേ തടവുശിക്ഷ ലഭിക്കുകയുള്ളു. പൊലീസുകാരെ തെറിപറഞ്ഞിട്ടുണ്ടോ എന്നറിയാനായി വീഡിയോ ദൃശ്യം വീണ്ടും പരിശോധിക്കുമെന്നും അതിനുശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും ഡിസിപി പറഞ്ഞു.

പൊലീസ് ഒരു തരത്തിലുള്ള സ്വാധീനത്തിനും വഴങ്ങില്ല. നേരത്തെയും വിനായകന്‍ സ്റ്റേഷനിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ഡിസിപി പറഞ്ഞു. വിനായകന്റെ പേഴ്‌സണല്‍ പ്രശ്‌നത്തില്‍ ഒരു പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇടപെട്ടത്. അത് പേഴ്‌സണല്‍ ഇഷ്യുവായതുകൊണ്ട് പറയുന്നില്ലെന്നും ഡിസിപി പറഞ്ഞു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *