തിരുവനന്തപുരം: കൊട്ടാരക്കരയിൽ മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റ സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി. പൊലീസുകാരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായാണ് അന്വേഷണ റിപ്പോർട്ട്.

കഴിഞ്ഞ ജൂലായ് 12-ന് ഉച്ചയ്ക്ക് 1.30-നായിരുന്നു അപകടം. മന്ത്രിയുടെ പൈലറ്റ് വാഹനം ആംബുലൻസുമായി കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ നെടുമ്പന സ്വദേശി നിഥിൻ, ആംബുലൻസിലുണ്ടായിരുന്ന കുടവട്ടൂർ അശ്വതിയിൽ അശ്വകുമാർ, ഭാര്യ ദേവിക, ട്രാഫിക് ജോലിയിലുണ്ടായിരുന്ന സി.പി.ഒ. ബിജുലാൽ എന്നിവർക്കാണ് പരിക്കേറ്റത്.

സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. പൈലറ്റിനു നിയോഗിച്ച വാഹനത്തിന്റെ ഡ്രൈവർക്ക് പോലീസ് വാഹനം ഓടിക്കാൻ അനുമതിയുണ്ടെങ്കിലും പൈലറ്റ് ഡ്യൂട്ടിക്കോ വി.ഐ.പി. ഡ്യൂട്ടിക്കോ നിയോഗിക്കാൻ അനുവാദമുണ്ടായിരുന്നില്ല.
കൊല്ലം ട്രാഫിക് യൂണിറ്റ് എസ്.ഐ അരുൺകുമാർ, ശൂരനാട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ വിനയൻ, സി.പി.ഒ ബിജുലാൽ എന്നിവർക്കെതിരെയാണ് നടപടി. ബിജുലാലാണ് അന്ന് വാഹനം ഓടിച്ചിരുന്നത്. പൊലീസുകാരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. 14 ദിവസത്തിനുള്ളിൽ കുറ്റാരോപണ പത്രിക നൽകാൻ ഡി.ഐ.ജി കൊല്ലം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിക്ക് നിർദേശം നൽകി. ഒരു മാസത്തിനകം ശിക്ഷ നടപടി സ്വീകരിക്കാനും നിർദേശമുണ്ട്.
There is no ads to display, Please add some