ബിജെപിയ്‌ക്കെതിരെ രഞ്ജു രഞ്ജിമാര്‍. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയിലുള്ളവര്‍ ബിജെപിയ്ക്ക് വോട്ട് ചെയ്യരുതെന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്. മനുഷ്യന്റെ മനസ് കാണാന്‍ സാധിക്കാത്ത ഇത്തരം ആളുകള്‍ ഭരിക്കാന്‍ വരരുതെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു രഞ്ജു രഞ്ജിമാരിന്റെ പ്രതികരണം. ഇത് പറഞ്ഞതിന്റെ പേരില്‍ താന്‍ നാളെ ഇല്ലെന്ന് വരാം, തന്നെ തേജോവധം ചെയ്‌തേക്കാമെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നുണ്ട്. നോ ട്രാന്‍സ് വോട്ട് ടു ബിജെപി എന്ന പോസ്റ്റര്‍ പങ്കുവച്ചു കൊണ്ടാണ് രഞ്ജുവിന്റെ പ്രതികരണം.
”കേരളത്തിലെ വിവരം ഉള്ള ട്രാന്‍സ്ജന്‍ഡർ കമ്മ്യൂണിറ്റികളെ ദയവു ചെയ്തു നിങ്ങള്‍ എന്തിന്റെ പേരില്‍ ആണെങ്കിലും ഈ പാര്‍ട്ടിക്ക് നിങ്ങളുടെ വോട്ട് നല്‍കരുത്, നാളെ ഒരു പക്ഷെ എന്നെ ഇല്ലാണ്ടാക്കിയേക്കാം, എന്നെ തേജോവധം ചെയ്‌തേക്കാം. മനുഷ്യന്റെ മനസ്സു കാണാന്‍ കഴിയാത്ത ഇത്തരം ആള്‍ക്കാര്‍ ഇവിടെ ഭരിക്കാന്‍ വരരുത്. എന്ത് വന്നാലും നേരിടും, കൊന്നോളും. ട്രംപിന്റെ പാര്‍ട്ണര്‍ മോദി അമേരിക്കയില്‍ സെറ്റ് ചെയ്യട്ടെ. മനുഷ്യരെ തമ്മില്‍ തല്ലിക്കുന്ന വര്‍ഗ്ഗം” എന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്.
നേരത്തെ കേരളത്തില്‍ നിന്നും നിരവധി ട്രാന്‍സ് വ്യക്തികള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റായ സീമ വിനീത്, ഭരതനാട്യം കലാകാരിയായ അദ്രിജ, ശ്രീക്കുട്ടി നമി തുടങ്ങിയ പതിനഞ്ച് പേരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഈ സാഹചര്യത്തിലാണ് രഞ്ജു രഞ്ജിമാറിന്റെ പ്രതികരണം. ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി പട്ടികയിലെ സെലിബ്രിറ്റികളുടെ നീണ്ടനിരയും ചര്‍ച്ചയായി മാറിയിരുന്നു.

