നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വരുന്ന മെസ്സേജുകള്‍, ചിത്രങ്ങള്‍, വിഡിയോകള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നിവ അഡ്മിന്‍മാര്‍ കൃത്യമായി നിരീക്ഷക്കണമെന്നും മുന്നറിയിപ്പുണ്ട്.

എഐ, ഡീപ് ഫേക്കുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ വിഡിയോകള്‍, ഓഡിയോകള്‍ എന്നിവ പ്രചരിപ്പിക്കരുത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമുള്ള എഐ ജനറേറ്റഡ് ലേബല്‍ ഇല്ലാത്ത സംശയാസ്പദമായ രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് നിയമനടപടികള്‍ നേരിടേണ്ടതായി വരും. ജാതി, മതം, വര്‍ഗ്ഗം, കമ്മ്യൂണിറ്റി എന്നിവയുടെ പേരില്‍ വിഭാഗീയതയോ ശത്രുതയോ ഉണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ നിര്‍മ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. (ഭാരതീയ ന്യായ സംഹിത – BNS 196 പ്രകാരം ഇത് കുറ്റകരമാണ്).

വോട്ടെടുപ്പ് തീയതി, സ്ഥാനാര്‍ത്ഥികള്‍, വര്‍ഗീയ സംഭവങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത ‘വ്യാജ വാര്‍ത്തകള്‍’ പ്രചരിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്.വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് തുടങ്ങുന്ന ‘സൈലന്‍സ് പീരിയഡില്‍’ യാതൊരുവിധത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും സോഷ്യല്‍ മീഡിയ വഴി നടത്തരുത്. സോഷ്യല്‍ മീഡിയഗ്രൂപ്പുകളിലെ ഓരോ അംഗത്തിന്റെയും പോസ്റ്റുകള്‍ക്ക് അഡ്മിന്‍മാര്‍ നേരിട്ട് ഉത്തരവാദികള്‍ ആയിരിക്കില്ലെന്നു ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ടെങ്കിലും താഴെ പറയുന്ന സാഹചര്യങ്ങളില്‍ ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടതായി വരും.

നിയമവിരുദ്ധമായ സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും അവ നീക്കം ചെയ്യാതെ കുറ്റകൃത്യത്തിന് പ്രേരണ നല്‍കുക.വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ അഡ്മിന്‍ കൂട്ടുനില്‍ക്കുകയോ ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുകയോ ചെയ്യുക. ഐടി ആക്ട് അല്ലെങ്കില്‍ ബിഎന്‍എസ് പ്രകാരം പൊലീസ് നല്‍കുന്ന നോട്ടീസുകളോട് സഹകരിക്കാതിരിക്കുക. എന്നിവയും കുറ്റകരമാണെന്ന് പൊലീസ് മുന്നറിയിപ്പില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *