മെക്‌സിക്കന്‍ ലഹരിമരുന്ന് മാഫിയ തലവന്‍ നെമെസിയോ എല്‍ മെന്‍ചോ ഒസെഗുവേരയെ (59) വധിച്ചതായി മെക്‌സിക്കന്‍ സൈന്യം. പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേല്‍ക്കുകയായിരുന്നു.
മെക്‌സിക്കോ സിറ്റിയിലേക്ക് വിമാനമാര്‍ഗം കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചതെന്നാണ് സൈന്യം വ്യക്തമാക്കിയിരിക്കുന്നത്. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അമേരിക്ക 1.5 കോടി ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
സൈനിക നടപടിയില്‍ പ്രകോപിതരായ ലഹരി മാഫിയ സംഘം പശ്ചിമ ഹാലിസ്‌കോയിലെ ഇരുപതിലധികം റോഡുകള്‍ കാറുകളും ട്രക്കുകളും കത്തിച്ച് തടഞ്ഞു. അക്രമം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. പൗരന്മാര്‍ ശാന്തരായിരിക്കണമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലാഡിയ ഷെയ്ന്‍ബോം അഭ്യര്‍ഥിച്ചു.
സിനലോവ കാര്‍ട്ടല്‍ സ്ഥാപകരായ ജോക്വിന്‍ ‘എല്‍ ചാപ്പോ’ ഗുസ്മാന്‍, ഇസ്മായേല്‍ സാംബാഡ എന്നിവരുടെ അറസ്റ്റിന് ശേഷം കൊല്ലപ്പെടുന്ന ഏറ്റവും വലിയ ലഹരിമരുന്ന് രാജാവാണ് ഒസെഗുവേര. ഒസെഗുവേരയെ കൂടാതെ ആറ് അക്രമികള്‍ കൊല്ലപ്പെടുകയും മൂന്ന് സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. റോക്കറ്റ് ലോഞ്ചറുകള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ സൈന്യം പിടിച്ചെടുത്തു.
തലസ്ഥാനമായ ഗ്വാഡലഹാരയിലെ തെരുവുകള്‍ വിജനമാണ്. കടകളും പെട്രോള്‍ പമ്പുകളും ഉള്‍പ്പെടെ എല്ലാം അടഞ്ഞുകിടക്കുകയാണ്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെയാണ് ദൗത്യം നടപ്പിലാക്കിയത്. ഒസെഗുവേരയെ ഏറ്റവും ക്രൂരനായ ലഹരിമരുന്ന് രാജാവ് എന്ന് വിശേഷിപ്പിച്ചിരുന്നു. ഒസെഗുവേരയുടെ വധം അമേരിക്കന്‍ അധികൃതര്‍ സ്വാഗതം ചെയ്തു.

