നടൻ മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. നിരഞ്ജ് ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്നവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. നിരഞ്ജ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമായ മസ്തിഷ്ക മരണത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കായി പോകുമ്പോഴാണ് നിരഞ്ജ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. കെഎസ്ആർടിസി ബസുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. സിനിമയുടെ പ്രൊമോഷനായി കൊടുങ്ങല്ലൂരിലെ ഒരു കോളജിലേക്ക് പോകവേ ആണ് അപകടമുണ്ടായത്.

അഭിനേതാക്കൾക്ക് പരിക്കുകൾ ഇല്ലെങ്കിലും വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിന് ശേഷം നടൻ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. “വന്ന വഴിക്ക് വണ്ടി ഒന്ന് തട്ടി. എനിക്ക് കുഴപ്പം ഒന്നും ഇല്ല, വണ്ടിക്ക് നന്നായിട്ട് പ്രശ്നമുണ്ട്. ഞങ്ങളുടെ വണ്ടിയിൽ വന്നിടിച്ചത് ഒരു കെഎസ്ആർടിസി ബസ് ആണ്. വളവ് തിരിഞ്ഞപ്പോൾ ബസ് വന്നു ഇടിക്കുകയായിരുന്നു. കുഴപ്പം ഒന്നും ഇല്ല.”- നിരഞ്ജ് മണിയൻപിള്ള രാജു പറഞ്ഞു.

ദിവസങ്ങൾക്ക് മുൻപാണ് തിരുവനന്തപുരത്ത് വെച്ച് മണിയൻപിള്ള രാജുവിന്റെ കാർ അപകടത്തിൽപ്പെട്ടത്. ഫെബ്രുവരി ആറിന് രാത്രി പത്ത് മണിയോടെ ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലായിരുന്നു സംഭവം. നടൻ ഓടിച്ചിരുന്ന കാർ രണ്ട് യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *