ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഡിവൈഎഫ്‌ഐ, യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. ചോദ്യം ചെയ്യലിനു ശേഷം രാഹുല്‍ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയപ്പോഴായിരുന്നു യുവജനസംഘടനകളുടെ പ്രതിഷേധം. പൊലീസ് വാഹനം വളഞ്ഞ പ്രതിഷേധക്കാര്‍ രാഹുലിനെ കൂവി വിളിച്ചു.മുദ്രാവാക്യം വിളികളോടെയായിരുന്നു യുവജന സംഘടന പ്രവര്‍ത്തകരുടെ പ്രതിഷേധം. ഒന്നും രണ്ടുമല്ല, മൂന്നാമത്തെ കേസാണ്, എന്തിനാണ് ഇങ്ങനെയൊരാളെ വെച്ചു പൊറുപ്പിക്കുന്നത് എന്നു ചോദിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് വന്‍ പൊലീസ് ബന്തവസ്സിലാണ് രാഹുലിനെ പൊലീസ് വാഹനത്തില്‍ നിന്നും പുറത്തിറക്കിയത്. പൊലീസും പ്രതിഷേധക്കാരുമായി ഉന്തും തള്ളുമുണ്ടായി.മൂന്നാം ബലാത്സംഗക്കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്തത്. പാലക്കാട്ടെ ഹോട്ടലില്‍ നിന്നും രാത്രി 12.30 ഓടെയാണ് കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെയോടെയാണ് പത്തനംതിട്ട എ ആര്‍ ക്യാംപിലെത്തിച്ചു. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള ഡിഐജി ജി പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടത്തിയത്. ക്രൂരമായ ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭഛിദ്രവും, സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച് പത്തനംതിട്ട സ്വദേശിനി ഇ-മെയില്‍ വഴി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *