യഷ് നായകനായ, ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക്കിന്റെ ടീസറിനെ ചൊല്ലിയുള്ള വിവാദം ശക്തമാവുകയാണ്. വിമര്‍ശനങ്ങള്‍ക്കിടെ ഗീതുവിന് പിന്തുണയുമായി റിമ കല്ലിങ്കല്‍ രംഗത്തെത്തിയിരുന്നു. തന്റെ നിലപാട് ഗീതുവും വ്യക്തമാക്കി. ഇതിനിടെ ഗീതുവിനും റിമയ്ക്കുമെതിരെ രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാവും നടനുമായ വിജയ് ബാബു. മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസിയേയും വിജയ് ബാബു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അധിക്ഷേപിക്കുന്നുണ്ട്.
‘ഇരട്ടത്താപ്പിന്റെ റാണിമാരെക്കുറിച്ച്. അവര്‍ പറയുന്ന കഥകള്‍ ആകുമ്പോള്‍, ഓരോരുത്തരേയും പിന്‍ പോയന്റ് ചെയ്ത് കഥകള്‍ പറയാന്‍ പോയാല്‍ തീരില്ല. കമന്റ് ചെയ്യുന്നതില്‍ നിന്നും അകന്നു നില്‍ക്കുന്നു. കാരണം എല്ലാ പ്രിവിലേജുകളുമുള്ള, തങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് എല്ലായിപ്പോഴും വാക്കുകളും പ്രവര്‍ത്തികളും വളച്ചൊടിക്കുന്നവരാണ് അവര്‍.
ഒരു പുരുഷനെയോ പുരുഷന്മാരേയോ ആക്രമിക്കണം എന്ന് തോന്നുമ്പോള്‍ അവര്‍ ഒരു കളക്ടീവായി ഒത്തുചേരും. അത് കഴിയുമ്പോള്‍ പിരിഞ്ഞു പോവുകയും അടുത്തൊരു അവസരം വരുമ്പോള്‍ വീണ്ടും ഒരുമിച്ചു ചേരുകയും ചെയ്യും. പക്ഷെ അവര്‍ക്ക് സ്വന്തമായൊരു നിലവാരമല്ലോ നിലപാടോ ഇല്ല. തലയില്ല, വാലില്ല, ധര്‍മമോ, പോളിസകളോ, നിയമങ്ങളോ ഇല്ല. അവര്‍ക്ക് മാത്രം അറിയാവുന്ന താല്‍പര്യങ്ങള്‍ക്കായി രൂപീകരിച്ചൊരു വാട്‌സ് ആപ്പ് ഗ്രൂപ്പ് മാത്രമാണ്” എന്നാണ് വിജയ് ബാബുവിന്റെ പ്രതികരണം.
വിജയ് ബാബുവിന്റെ വാക്കുകള്‍ക്ക് പിന്തുണ ലഭിക്കുന്നതിനൊപ്പം ശക്തമായ വിമര്‍ശനങ്ങളും നേരിടേണ്ടി വരുന്നുണ്ട്. മീ ടു ആരോപണം നേരിടേണ്ടി വന്നതും, സാന്ദ്ര തോമസുമായുള്ള പ്രശ്‌നങ്ങളുമെല്ലാം വിജയ് ബാബുവിനെതിരെ സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഡബ്ല്യുസിസിയെ വാട്‌സ് ആപ്പ് കൂട്ടായ്മ എന്ന് വിളിച്ച് അധിക്ഷേപിച്ചത് വിവരമില്ലായ്മ കൊണ്ടാണെന്നും, നടി ആക്രമിക്കപ്പെട്ട കേസ് മുതല്‍ ഡബ്ല്യുസിസി ശക്തമായ നിലപാടെടുത്ത വിഷയങ്ങള്‍ ഓര്‍മപ്പെടുത്തുകയും ചെയ്യുന്നുണ്ട് സോഷ്യല്‍ മീഡിയ.
അതേസമയം ടോക്‌സിക് സിനിമയ്ക്കും ഗീതു മോഹന്‍ദാസിനുമെതിരെയുള്ള വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയ കമന്റില്‍ പങ്കുവെക്കുന്നുണ്ട്. കസബ സിനിമയിലെ സ്ത്രീവിരുദ്ധത ചോദ്യം ചെയ്ത ഗീതുവിന്റെ ഇരട്ടത്താപ്പാണ് ടോക്‌സിക് ടീസറില്‍ കണ്ടതെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. ഗീതുവിനൊപ്പം അന്ന് വേദിയിലുണ്ടായിരുന്ന റിമ കല്ലിങ്കല്‍, പാര്‍വതി തിരുവോത്ത് തുടങ്ങിയവര്‍ക്കെതിരേയും ശക്തമായ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്.

