മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് ബേസിൽ ജോസഫ്. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ ബേസിൽ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ബേസിലിന്റെ ഇത്തരം പോസ്റ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ നടൻ പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
സോഷ്യൽ മീഡിയയിൽ ഹിറ്റായ ‘കുട്ടുമ കുട്ടൂ…’എന്ന ഗാനവുമായാണ് ബേസിലിന്റെ ഇത്തവണത്തെ വരവ്. ബേസിലിനൊപ്പം ഭാര്യ എലിസബത്തും മകൾ ഹോപ്പിനെയും വിഡിയോയിൽ കാണാം. അമ്മയുടെ മടിയിലിരുന്ന് പാട്ടിന് ആക്ഷൻ ചെയ്യുകയാണ് ഹോപ്പ്. ഇടയ്ക്ക് വച്ച് മകൾ എഴുന്നേറ്റ് ഓടിപ്പോകുന്നതും കാണാം.
എന്തായാലും ബേസിലിന്റെ വിഡിയോ ഹിറ്റായി കഴിഞ്ഞു. രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് താഴെ നിറയുന്നത്. നെറ്റ്ഫ്ലിക്സ് ഇന്ത്യയും കമന്റുമായെത്തിയിട്ടുണ്ട്. ‘കുട്ടൂസ്’ എന്നാണ് നെറ്റ്ഫ്ലിക്സ് കമന്റ് ചെയ്തിരിക്കുന്നത്. താരങ്ങളായ നിഖില വിമൽ, മാത്യു തോമസ് തുടങ്ങിയവരും കമന്റ് ചെയ്തിട്ടുണ്ട്. ടൊവിനോയുടെ കമന്റിനായി കാത്തിരിക്കുന്നു എന്നും ചിലർ കുറിച്ചിട്ടുണ്ട്.
ഇവിടെ ന്തും പോവും, ലെ കൊച്ച്: രണ്ടിനും പ്രാന്തായിന്നാ തോന്നണേ… ഞാൻ ആരേലേം വിളിച്ചിട്ട് വരാം, ലെ കൊച്ച്: എനിക് മടുത്തു ഞാൻ പോവുന്നു, എന്ത് കൊണ്ട് നേരത്തെ വന്നില്ല എന്ന് കരുതിയെ ഒള്ളു, ആ അതാ ട്രെൻഡ് അവസാനിപ്പിക്കാൻ അവനെത്തി കഴിഞ്ഞു എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.
അതിരടി ആണ് ബേസിലിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ശിവകാർത്തികേയൻ നായകനായെത്തുന്ന പരാശക്തിയിലും ബേസിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. ബേസിലിന്റെ ആദ്യത്തെ തമിഴ് ചിത്രമാണ് പരാശക്തി.

