തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ട ആന്റണി രാജു അയോഗ്യനായെന്ന വിവരം അറിയിച്ച് നിയമസഭ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനം പുറത്തിറങ്ങി. കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെതന്നെ ആന്റണി രാജു അയോഗ്യനായിരുന്നെങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനമാണ് തിങ്കളാഴ്ച പുറത്തിറങ്ങിയത്. തിരുവനന്തപുരം നിയോജകമണ്ഡലത്തിൽ ഒഴിവ് വന്നതായാണ് വിജ്ഞാപനത്തിലുള്ളത്.
ജനപ്രാതിനിധ്യ നിയമത്തെ സംബന്ധിച്ച 2013-ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം എംപിയോ എംഎൽഎയോ, രണ്ടുവർഷമോ അതിലധികം കാലത്തേയ്‌ക്കോ ശിക്ഷിക്കപ്പെട്ടാൽ അപ്പോൾത്തന്നെ അയോഗ്യനാവും. അതനുസരിച്ച് രാജിവെക്കാതെതന്നെ, ശിക്ഷാവിധിക്ക് പിന്നാലെ ആന്റണി രാജു അയോഗ്യനായിരുന്നു. മണ്ഡലത്തിൽ അംഗത്തിന്റെ ഒഴിവുണ്ടെന്ന് വിജ്ഞാപനം ചെയ്യുന്ന നിയമസഭയുടെ നടപടിമാത്രമാണ് ബാക്കിയുണ്ടായിരുന്നത്.
മയക്കുമരുന്ന് കേസിൽ വിദേശ പൗരനെ രക്ഷിക്കാൻ, ജൂനിയർ അഭിഭാഷകനായിരുന്ന കാലത്ത് തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്ന കേസിലാണ് മുൻ മന്ത്രിയും എംഎൽഎയുമായിരുന്ന ആന്റണി രാജുവിനെ കോടതി മൂന്നുവർഷത്തെ തടവിന് ശിക്ഷിച്ചത്. കേരള ചരിത്രത്തിൽ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് എംഎൽഎ സ്ഥാനം നഷ്ടമാവുന്ന ആദ്യത്തെയാളാണ് ആന്റണി രാജു. കേസിൽ രണ്ടാംപ്രതിയാണ് അദ്ദേഹം. ഒന്നാംപ്രതി ജില്ലാ കോടതിയിലെ ക്ലർക്ക് കെ.എസ്. ജോസും മൂന്നുവർഷം തടവ് അനുഭവിക്കണം. ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചതിനാൽ ഇപ്പോൾ ജയിലിൽ പോകേണ്ടതില്ല.
ശിക്ഷാ കാലാവധി കഴിഞ്ഞാലും ആറുവർഷത്തേക്ക് ആന്റണി രാജുവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. കുറ്റക്കാരനാണെന്ന കണ്ടെത്തൽ മേൽക്കോടതികൾ സ്റ്റേചെയ്താലേ അയോഗ്യത ഒഴിവാകൂ. അപ്പീൽ നൽകാൻ കോടതി ഒരുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

