ആലപ്പുഴയില്‍ പക്ഷിപ്പനി ഭീഷണിയുടെ പശ്ചാത്തലത്തില്‍ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞു. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്‌സ് അതോറിറ്റി ഇന്ത്യ(എഫ്എസ്എസ്എഐ)യുടെ നടപടിക്കെതിരെ ഹോട്ടല്‍ ഉടമകള്‍ രംഗത്തെത്തി. ഈമാസം 30 മുതല്‍ ഹോട്ടലുകള്‍ അടച്ചിടുമെന്ന് ഉടമകളുടെ മുന്നറിയിപ്പ്.

ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരെ ഉദ്യോഗസ്ഥര്‍ ഇറക്കി വിട്ടതിന് പിന്നാലെയതാണ് പ്രതിഷേധവുമായി ഹോട്ടല്‍ ഉടമകള്‍ രംഗത്തെത്തിയത്. എഫ്എസ്എസ്എഐ നടപടി മുന്നറിയിപ്പ് ഇല്ലാതെയെന്ന് ഹോട്ടലുടമകള്‍ പറയുന്നു. ഈ മാസം 30 മുതല്‍ ഹോട്ടലുകള്‍ അടച്ചിടാനാണ് ഹോട്ടലുടമകളുടെ തീരുമാനം. നിലവില്‍ ജില്ലയില്‍ താറാവില്‍ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളില്‍ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയായിരുന്നു. ആലപ്പുഴയില്‍ ഇരുപതിനായിരത്തോളം പക്ഷികളെയാണ് കൊന്നൊടുക്കിയത്. കൂടുതല്‍ ഇടങ്ങളിലേക്ക് രോഗബാധ പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ജില്ലാഭരണകൂടം വ്യക്തമാക്കി. ക്രിസ്തുമസ് വിപണിക്കായി തയ്യാറെടുത്തു നില്‍ക്കുമ്പോഴാണ് കര്‍ഷകരുടെ പ്രതീക്ഷയെ തകിടം മറിച്ച് ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. രണ്ട് ജില്ലകളിലായി 12 ഇടങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്. ആലപ്പുഴയില്‍ മാത്രം 19811 പക്ഷികളെയാണ് കൊന്നൊടുക്കിയത്. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് പക്ഷികളെ കൊന്നൊടുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *