മലയാളികളുടെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് ശ്വേത മേനോൻ. പേരന്റിങിനെക്കുറിച്ച് ശ്വേത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. തന്റെ മകൾക്ക് നൽകാൻ കഴിയുന്നത് വിദ്യാഭ്യാസവും ആരോഗ്യവും നല്ല നിമിഷങ്ങളും മാത്രമാണ് അല്ലാതെ അവർക്ക് വേണ്ടി സമ്പാദിക്കാൻ ആ​ഗ്രഹിക്കുന്നില്ലെന്ന് പറയുകയാണ് ശ്വേത ഇപ്പോൾ. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശ്വേതയുടെ പ്രതികരണം. മക്കൾക്ക് വേണ്ടി പണം നീക്കി വെച്ചും നിക്ഷേപിച്ചും ജീവിതം കളയരുതെന്നും അങ്ങനെ ചെയ്യുന്നത് വലിയ തെറ്റാണെന്നും ശ്വേത മേനോൻ കൂട്ടിച്ചേർത്തു.

“ഞാൻ എന്റെ മകൾക്ക് വേണ്ടി ജീവിക്കില്ല. മകൾക്ക് വേണ്ടി ഞാൻ ഒന്നും ഇൻവെസ്റ്റ് ചെയ്യുന്നില്ല. അവൾക്ക് അവളുടെ ജീവിതം തിരഞ്ഞെടുക്കാൻ കഴിവുണ്ട് എന്നാണ് ഞാൻ കരുതുന്നത്. അവൾക്ക് വേണ്ടി ഞാൻ എന്തെങ്കിലും ചെയ്താൽ അവളെ വികലാം​ഗയാക്കുന്നത് പോലെയാണ്.നല്ല വിദ്യഭ്യാസവും ആരോ​ഗ്യവുമാണ് മകൾക്ക് എനിക്ക് നൽകാനാകുന്നത്. അതിന് ശേഷം അവൾ തന്നെ അവളുടെ ഭാവി കണ്ടെത്തണം. മകൾക്ക് വേണ്ടി ഒന്നും വാങ്ങാറില്ല.

നല്ല ഓർമകൾക്കായി യാത്രകൾ നൽകാറുണ്ട്. എന്റെ അച്ഛൻ അങ്ങനെയാണ് ചെയ്തത്. അറിയാതെ ഞാനും അത് തന്നെ ചെയ്യുന്നു.

ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റ് തന്റേതായിരിക്കുമെന്ന് മകൾ പറയും. അല്ലെന്ന് ഞാൻ തിരുത്തും. ഇതെല്ലാം വെട്ടി വിഴുങ്ങിയിട്ടേ ഞാൻ പോകൂ, അഞ്ച് പെെസ തരാൻ പോകുന്നില്ലെന്ന് പറയാറുണ്ട്. എനിക്കെന്റെ ജീവിതം ആസ്വ​ദിക്കണം. അവൾക്ക് വേണ്ടി സമ്പാദിക്കാൻ ഞാനാ​​ഗ്രഹിക്കുന്നില്ല. ഞാനതിൽ വളരെ ക്ലിയർ ആണ്. മക്കൾക്ക് വേണ്ടി പണം നീക്കി വെച്ചും നിക്ഷേപിച്ചും ജീവിതം കളയരുത്. നമ്മൾ ചെയ്യുന്ന വലിയ തെറ്റാണത്.

നമുക്ക് വേണ്ടി നമ്മൾ ജീവിക്കണം അത് കണ്ട് അവർ വളരട്ടെ. എല്ലാം കൊടുത്ത് അവരെ ശിക്ഷിക്കാതിരിക്കുക. കോടികളല്ല അവർക്ക് വേണ്ടത്. നല്ല നിമിഷങ്ങളും സ്നേഹവും നിമിഷവും സെക്യൂരിറ്റിയുമാണ്. അവർക്ക് നല്ല പഠിത്തം കൊടുത്ത് നോക്കൂ. അവർക്ക് താൽപര്യമുള്ളതിൽ വിദ്യഭ്യാസം കൊടുക്കുക. അതാണ് ചെയ്യേണ്ടത്”- ശ്വേത മേനോൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *