പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരായ ആക്രമണത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി റൂറല്‍ എസ്പി കെഇ ബൈജു. ഷാഫി പറമ്പില്‍ എംപിയെ പിന്നില്‍ നിന്ന് ലാത്തികൊണ്ട് അടിച്ചെന്നും പൊലീസിലെ ചിലര്‍ മനഃപൂര്‍വം പ്രശ്‌നമുണ്ടാക്കിയെന്നും അവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും റൂറല്‍ എസ്പി കെഇ ബൈജു പറഞ്ഞു.

പേരാമ്പ്രയില്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിട്ടില്ലെന്ന് എസ്പി പറഞ്ഞു. ‘പൊലീസിനുള്ളിലെ ചിലയാളുകള്‍ മനഃപൂര്‍വം അവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതായി പിന്നീട് മനസിലാക്കി. അത് ആരാണ് കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നുണ്ട്. എംപിയെ പിന്നില്‍ നിന്ന് അടിച്ചു’ – റൂറല്‍ എസ്പി പറഞ്ഞു.

പേരാമ്പ്രയില്‍ കോണ്‍ഗ്രസ് – സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് എംപിക്ക് മര്‍ദനമേറ്റത്. സംഘര്‍ഷത്തില്‍ എംപിക്ക് തലയ്ക്ക് അടിയേല്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഈ അടിയിലാണ് ഷാഫി പറമ്പിലിന്റെ മൂക്കിന് ഗുരുതരമായി പരുക്കേല്‍ക്കുകയും മൂക്കിന്റെ രണ്ട് എല്ലുകള്‍ക്ക് പൊട്ടലേല്‍ക്കുകയും ചെയ്തത്. നേരത്തെ, സിപിഎം നേതാക്കളും റൂറല്‍ എസ്പിയടക്കമുള്ള പൊലീസുദ്യോഗസ്ഥരും, ഷാഫി പറമ്പിലിന് പരുക്കേറ്റത് ‘ഷോ’ ആണെന്നും പൊലീസ് അതിക്രമം ഉണ്ടായിട്ടില്ലെന്നും വാദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *