കല്യാണം ഉറപ്പിച്ചാല്‍ ആദ്യ ചിന്ത വിവാഹ ക്ഷണ പത്രികയെ കുറിച്ചാകും. സേവ് ദി ഡേറ്റിന്റെ വര്‍ത്തമാനകാലത്ത് വിവാഹ ക്ഷണ പത്രികയും മോഡേണ്‍ ആണ്. ക്ഷണക്കത്തില്‍ എന്തൊക്കെ വെറൈറ്റി പിടിക്കാം എന്നതാണ് പുതിയ പിള്ളേരുടെ ചിന്ത. വിപണിയും ആ വഴിക്ക് മാറിയിട്ടുണ്ട്. അങ്ങനെയുള്ള കാലത്താണ് ആന്റോ തൊറയന്‍ എന്ന ചെറുപ്പക്കാരൻ വ്യത്യസ്തനാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തൊട്ട് ആന്റോ തന്റെ കല്യാണത്തിന് വിളിക്കുന്നുണ്ട്. വെറുതേ ക്ഷണിക്കുകയല്ല. നാടടച്ച് കത്തയച്ചാണ് കല്യാണം വിളിക്കുന്നത്.

കത്തിടപാടുകള്‍ കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തില്‍ സ്വന്തം വിവാഹ ക്ഷണ പത്രിക ഇന്‍ലെന്റിലും പോസ്റ്റ് കാര്‍ഡിലും എഴുതി തയ്യാറാക്കി വ്യത്യസ്ത പുലര്‍ത്തുകയാണ് താന്ന്യം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ ആന്റോ തൊറയന്‍. പെരിങ്ങോട്ടുകര മഹാത്മാഗാന്ധി റോഡില്‍ അരിമ്പൂര് തൊറയന്‍ വീട്ടില്‍ പരേതനായ പോളിന്റെ മകനായ ആന്റോ തൊറയന്റെ വിവാഹം നവംബര്‍ ഒമ്പതിനാണ്. വധു കോടാലി സ്വദേശിയായ നിത. സമീപത്തെ പോസ്റ്റോഫീസുകളിലൊന്നും ഇന്‍ലെന്റ് കിട്ടാത്ത സാഹചര്യമാണ്. നിലവില്‍ തൃശൂര്‍ ഹെഡ് പോസ്റ്റാഫീസില്‍ നിന്നുമാണ് ഇന്‍ലെന്റ് ലഭ്യമായത്.

പുതുതലമുറയെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി സഹോദരി പുത്രി അന്ന റോസും ക്ഷണപത്രിക തയ്യാറാക്കാന്‍ സഹായിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എം.പി, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, കെ.സി. വേണുഗോപാല്‍ എം.പി, രമേശ് ചെന്നിത്തല എം.എല്‍.എ. തുടങ്ങി രാഷ്ട്രീയ മേഖലയിലെയും സാഹിത്യ മേഖലയില്‍ ഉള്ളവര്‍ക്കും ക്ഷണപത്രിക അയച്ച് തുടക്കം കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *