തൊടുപുഴ: ഇടുക്കിയില്‍ ആദിവാസി യുവതി കാട്ടില്‍ പ്രസവിച്ചു. കുടുംബാംഗങ്ങള്‍ക്കൊപ്പം വന വിഭവങ്ങള്‍ ശേഖരിക്കാവന്‍ കാട്ടില്‍ പോയ സമയത്താണ് വള്ളക്കടവ് റെയ്ഞ്ചിന് കീഴില്‍ കാട്ടില്‍ താമസിക്കുന്ന ബിന്ദു(24) പെണ്‍കുഞ്ഞിന് ജന്‍മംനല്‍കിയത്. വിവരം അറിഞ്ഞെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സനല്‍കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം ആശുപത്രിയിലേക്ക് പോകാതെ അമ്മ കാട്ടില്‍ത്തന്നെ തുടരുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ ഒന്‍പതരയോടെയാണ് സംഭവം. കാട്ടില്‍ വച്ച് യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടതോടെ ഭര്‍ത്താവ് സുരേഷ് വിവരം ആരോഗ്യ പ്രവര്‍ത്തകരെ ഫോണില്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. കുമളി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ ഉള്‍പ്പെടെയുള്ളസംഘം ആംബുലന്‍സുമായി വള്ളക്കടവിലെ കാട്ടില്‍ എത്തി. കുട്ടിയെയും അമ്മയെയും പരിചരിച്ചു. തുടര്‍ നടപടികള്‍ക്കായി ഇരുവരെയും ആശുപത്രിയിലേക്ക് മറ്റാന്‍ ശ്രമിച്ചെങ്കിലും ബിന്ദു പോയില്ല.

ഇതോടെ, ഉദ്യോഗസ്ഥര്‍ കുട്ടിയെ വണ്ടിപ്പെരിയാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കുകയായിരുന്നു. ആരോഗ്യവതിയാണെന്ന് ഉറപ്പായതോടെ കുട്ടിയെ രക്ഷാകര്‍ത്താക്കളുടെ അടുത്ത് എത്തിക്കുകയും ചെയ്തു. കുഞ്ഞിന് രണ്ടര കിലോഗ്രാം തൂക്കമുണ്ട്. പിന്നീടും യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല. ഇതോടെ ഇവരുടെ പരിചരണ ചുമതല കുടുംബശ്രീ പ്രവര്‍ത്തകരെയും പട്ടികവര്‍ഗവകുപ്പിലെ ജീവനക്കാരെയും ഏല്‍പ്പിച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങി.

കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. ഷബാന ബീഗം, കുമളി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി മാടസ്വാമി, ആരോഗ്യവകുപ്പ് ജീവനക്കാരായ ആര്യാമോഹന്‍, ആംബുലന്‍സ് ഡ്രൈവര്‍ നൈസാമുദ്ധീന്‍, വനം വകുപ്പ് ജീവനക്കാരിയായ സുബിഷ, അങ്കണവാടി ജീവനക്കാരി ശ്രീദേവി എന്നിവരായിരുന്നു ദൗത്യത്തില്‍ സജീവമായി പങ്കാളികളായത്.

Leave a Reply

Your email address will not be published. Required fields are marked *