മുഖ്യമന്ത്രിയുടേയോ മന്ത്രിമാരുടേയോ പേര് എഴുതുന്നതിന് മുൻപായി ബഹുമാനാർഥം ഉപയോഗിക്കുന്ന ‘ബഹു’ ചേർക്കാൻ മറക്കരുതെന്ന് സർക്കാർ ഉദ്യോഗസ്ഥരെ ഓർമിപ്പിച്ച് സർക്കുലർ. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. ഔദ്യോഗിക കത്തിടപാടുകളിലും പരാതികൾക്കും നിവേദനങ്ങൾക്കുമുള്ള മറുപടികളിലും ഇത്തരത്തിൽ ‘ബഹു’ ചേർക്കണമെന്നാണ് നിർദേശം.

‘പൊതുജനങ്ങൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രിമാർ എന്നിവർക്ക് നൽകുന്ന നിവേദനങ്ങൾ/പരാതികൾ എന്നിവ പരിശോധനാ വിധേയമാക്കിയശേഷം ബന്ധപ്പെട്ട ഓഫീസുകളിൽനിന്ന് നടപടികൾ സ്വീകരിച്ചതിന്റെ ഭാഗമായി നിവേദകർക്കും അപേക്ഷകർക്കും നൽകുന്ന മറുപടി സംബന്ധമായ കത്തിടപാടുകളിൽ ബഹുമാന സൂചകമായി ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രി എന്ന് രേഖപ്പെടുത്തേണ്ടതാണ്’, സർക്കുലറിൽ പറയുന്നു.

ഓഗസ്റ്റ് 30-നാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സർക്കുലർ പുറത്തിറക്കിയത്. ഔദ്യോഗിക യോഗങ്ങളിൽ ഇത്തരം വിശേഷണങ്ങൾ പതിവായി ഉപയോഗിക്കാറുണ്ട്. എന്നാൽ, ചില കത്തിടപാടുകളിൽ അത് പാലിക്കപ്പെടാത്ത പശ്ചാത്തലത്തിലാണ് സർക്കുലർ പുറത്തിറക്കിയത്.

അതേസമയം, ഉത്തരവിലും ബഹുമാനക്കുറവുണ്ടെന്നാണ് സോഷ്യൽമീഡിയയിലെ പ്രചാരണം. ‘ബഹു ‘ എന്ന് ചേർക്കണമെന്ന് നിർദേശിച്ചുകൊണ്ടുള്ള ഉത്തരവിൽ മുഖ്യമന്ത്രിക്കും മന്ത്രിക്കും മുന്നിൽ ‘ബഹു’ എന്ന് രേഖപ്പെടുത്താതെയാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഉത്തരവിറക്കിയത്. ഇതാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ചത്. ഉത്തരവിന്റെ പകർപ്പ് നൽകേണ്ടവരുടെ പട്ടികയിൽയിലാണ് മുഖ്യമന്ത്രിക്കും മന്ത്രിക്കും മുന്നിൽ ‘ബഹു’ ചേർക്കാത്തത്.

Leave a Reply

Your email address will not be published. Required fields are marked *