പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിക്കിപീഡിയ പേജ് അജ്ഞാതര്‍ എഡിറ്റു ചെയ്തു. അടുത്തിടെയുണ്ടായ വിവാദങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പേജില്‍ കൂട്ടിച്ചേര്‍ത്താണ് എഡിറ്റ് ചെയ്തിരിക്കുന്നത്. ‘ഒരു ട്രാന്‍സ്‌ജെന്റര്‍ വ്യക്തിയെപ്പോലും വളക്കാന്‍ ശ്രമിച്ച ഇദ്ദേഹം കേരള രാഷ്ട്രീയത്തിലെ കോഴി എന്നറിയപ്പെടുന്നു. കോഴികള്‍ക്ക് പോലും അപമാനമാകുന്ന തരത്തിലാണ് ഇദ്ദേഹത്തിന്റെ ആ മേഖലയിലെ സമീപകാല പ്രവര്‍ത്തനങ്ങള്‍’- എന്നിങ്ങനെ നീളുന്നു എഡിറ്റ് ചെയ്ത ഭാഗങ്ങള്‍.
വിക്കിപീഡിയ സ്വതന്ത്ര വിജ്ഞാനകോശമായതുകൊണ്ട് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എഡിറ്റ് ചെയ്യാന്‍ കഴിയും. ചില ഭാഷകളിലെ വിക്കികളില്‍ ലോഗിന്‍ ചെയ്താല്‍ മാത്രമേ എഡിറ്റ് ചെയ്യാന്‍ കഴിയൂ. ഇംഗ്ലിഷ് വിക്കിപീഡിയയില്‍ പുതിയ ലേഖനമുണ്ടാക്കണമെങ്കില്‍ ലോഗിന്‍ ചെയ്യണം. തുടര്‍ച്ചയായ തിരുത്തലുകളും സംവാദങ്ങളുമാണ് വിക്കിപീഡിയയെ കുറ്റമറ്റതാക്കുന്നത്. ഓരോ പേജിന്റെയും വശത്തുള്ള ‘വ്യൂ ഹിസ്റ്ററി’ നോക്കിയാല്‍ ആരൊക്കെ എന്തൊക്കെ മാറ്റം വരുത്തിയിട്ടുണ്ടെന്ന് അറിയാം.
ദുരനുഭവമുണ്ടായെന്ന യുവനടി റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലിനൊപ്പം വിവിധ കോണില്‍നിന്നും സമാന ആരോപണങ്ങളുയര്‍ന്നതോടെ കോണ്‍ഗ്രസ് നേതൃത്വം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജി ചോദിച്ചുവാങ്ങുകയായിരുന്നു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത രാഹുല്‍ എംഎല്‍എ സ്ഥാനത്ത് തുടരുകയായിരുന്നു.

