യുവനടിക്ക് അശ്ലീല സന്ദേശമയച്ച വിഷയത്തിൽ ഉയർന്ന വിവാദങ്ങളെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചു. രാജിക്കത്ത് യൂത്ത് കോൺഗ്രസ് നേതൃത്തിന് കൈമാറി. വിഷയത്തിൽ ധാർമികതയുടെ പുറത്താണ് രാജിവെക്കുന്നതെന്ന് രാഹുൽ വ്യക്തമാക്കി. അടൂരിലെ വീട്ടിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്.

പാർട്ടി പ്രവർത്തകർ സർക്കാരിനെതിരായി നിലപാടെടുക്കുന്ന സമയത്ത് ഇത്തരം വിഷയങ്ങളിൽ ന്യായീകരിക്കേണ്ടി വരുന്ന പ്രതിസന്ധി സൃഷ്ടിക്കുന്നില്ല. അതുകൊണ്ട് രാജിവെക്കുകയാണ്. കുറ്റം ചെയ്തതുകൊണ്ടല്ല രാജിവെക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ അദ്ദേഹം മറുപടി പറയണമെന്ന് പാർട്ടിയിൽ ആവശ്യം ഉയർന്നിരുന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. അന്വേഷണവിധേയമായി രാഹുലിനോട് മാറി നിൽക്കാൻ ആവശ്യപ്പെടുമെന്ന് കോൺഗ്രസ് വൃത്തങ്ങളിൽനിന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *