തൊട്ടടുത്ത ദിവസങ്ങളില്‍ ബസ് സമരവും ദേശീയ പണിമുടക്കും വന്നതോടെ ഇന്നും നാളെയും കേരളത്തില്‍ ജനജീവിതം സ്തംഭിക്കും. ഇന്ന് (ചൊവ്വാഴ്ച) സ്വകാര്യ ബസ് പണിമുടക്കാണ്. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് കൂട്ടുന്നത് ഉള്‍പ്പെടെ ആറ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് പണിമുടക്ക്. സമരം ഒഴിവാക്കാന്‍ ഗതാഗത കമ്മീഷണര്‍ ബസുടമകളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. സംയുക്ത ട്രേഡ് യൂണിയന്റെ ദേശീയ പണിമുടക്ക് ബുധനാഴ്ചയാണ്. ബസുകള്‍ക്ക് പുറമെ ടാക്സികളും നാളെ ഓടില്ല.

വിദ്യാര്‍ഥികളുടെ യാത്ര നിരക്ക് കൂട്ടുക, അമിത പിഴ ഒഴിവാക്കുക തുടങ്ങി ആറ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ സുകളുടെ പണിമുടക്ക്. ഇത് പൂര്‍ണമായും അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നായിരുന്നു പാലക്കാട് ഗതാഗത കമ്മീഷണര്‍ നടത്തിയ ചര്‍ച്ചയില്‍ ബസുടമകള്‍ വ്യക്തമാക്കിയത്. പ്രൈവറ്റ് ബസുകളെ ഏറെയും ആശ്രയിക്കുന്ന മലബാര്‍ മേഖലയെ ആയിരിക്കും ബസ് സമരം രൂക്ഷമായി ബാധിക്കുക. കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലും മലയോരമേഖലകളിലും യാത്രാ ക്ലേശം സൃഷ്ടിക്കും.

ബുധനാഴ്ച നടക്കുന്ന സംയുക്ത ട്രേഡ് യൂണിയന്റെ ദേശീയ പണിമുടക്കിലും കെഎസ്ആര്‍ടിസി ബസുകളും പ്രൈവറ്റ് ബസുകളും ഓടില്ല. ടാക്സി സര്‍വീസുകളും നിലയ്ക്കാനാണ് സാധ്യത. ബാങ്കിങ്, ഇന്‍ഷുറന്‍സ് അടക്കം പൊതുമേഖല സ്ഥാപനങ്ങളെയും നാളത്തെ പണിമുടക്ക് ബാധിക്കും. അവധി പ്രഖ്യാപിക്കില്ലെങ്കിലും ഗതാഗതസൗകര്യം ഇല്ലാത്തതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലാകും.

Leave a Reply

Your email address will not be published. Required fields are marked *