കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ സംസ്കാരം പൂർത്തിയായി. സ്ഥലമില്ലാത്തതിനാൽ സഹോദരിയുടെ വീട്ടുവളപ്പിലാണ് ബിന്ദുവിന് ചിതയൊരുക്കിയത്. ബിന്ദുവിനെ അവസാനമായി ഒരു നോക്ക് കാണാനും ആദരാജ്ഞലി അർപ്പിക്കാനും ഒരു നാട് മുഴുവൻ തലയോലപ്പറമ്പിലെ വീട്ടിലേക്ക് ഒഴുകിയെത്തിയിരുന്നു. തീർത്തും പാവപ്പെട്ട ഒരു കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ബിന്ദു.
ഇവർ താമസിക്കുന്ന വീടിന്റെ പണികൾ പോലും പൂർത്തിയായിട്ടില്ല. മകൾ നവമിയുടെ ചികിത്സക്ക് കൂട്ടിരിപ്പുകാരിയായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയതായിരുന്നു ബിന്ദു. ഇന്നലെ രാവിലെ 11 മണിയോടെ തകർന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ രണ്ടര മണിക്കൂർ നേരമാണ് ബിന്ദു കുടുങ്ങിക്കിടന്നത്. പുറത്തെടുത്തപ്പോൾ തന്നെ മരണം സംഭവിച്ചിരുന്നു.