ഹൈദരാബാദിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ ഫ്ലൈറ്റില്‍ വച്ച് തനിക്കുണ്ടായ അനുഭവം പങ്കുവച്ച് നടന് ആന്റണി വര്‍ഗീസ്. പ്രതികൂല കാലാവസ്ഥയില്‍ രണ്ട് തവണ വിമാനം ലാന്റ് ചെയ്യാന്‍ കഴിയാതെ വരികയും അപ്പോളും വിമാനത്തിന്റെ വനിതാ പൈലറ്റ് കാണിച്ച നിശ്ചയദാര്‍ഢ്യത്തെയും മനസുകൊണ്ട് അഭിനന്ദിക്കുകയാണ് പെപ്പെ താന്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെ. രോമാഞ്ചം എന്നാണ് പെപ്പെ അനുഭവം പറഞ്ഞ് പോസ്റ്റില്‍ കുറിച്ചത്.
വിമാനം കൊച്ചിയില്‍ ഇറക്കുന്നതിനിടെയാണ് കാലാവസ്ഥ പെട്ടെന്ന് പ്രതികൂലമായതെന്ന് പെപ്പെ പോസ്റ്റില്‍ പറയുന്നു. തുടര്‍ന്ന് പൈലറ്റിന് ആദ്യ ലാന്‍ഡിങ് ശ്രമം ഉപേക്ഷിക്കേണ്ടിവന്നു. റണ്‍വേയില്‍ ഇറങ്ങാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോളായിരുന്നു ഇത്. പിന്നാലെ രണ്ടാമതും ലാന്‍ഡ് ചെയ്യാന്‍ ശ്രമം. എന്നാല്‍ റണ്‍വേ തൊട്ടുതൊട്ടില്ല എന്ന നിമിഷം അതും ഉപേക്ഷിച്ചു. അങ്ങിനെ വിമാനത്തിന്റെ വനിതാ പൈലറ്റ് തീരുമാനമെടുത്തു, ‘ലാന്‍ഡ് ചെയ്യേണ്ടതില്ല’. അങ്ങിനെ റണ്‍വേയില്‍ പോലും തൊടാതെ വിമാനം വീണ്ടും ആകാശത്തേക്ക്. പിന്നീട് ഇന്ധനം നിറയ്ക്കുന്നതിനായി വിമാനം കോയമ്പത്തൂരിലേക്ക് തിരിച്ചുവിടുകയും ഇന്ധനം നിറച്ച ശേഷം കൊച്ചിയിൽ തിരിച്ചെത്തി സുരക്ഷിതമായി ലാൻഡ് ചെയ്യുകയുമായിരുന്നു.
രോമാഞ്ചം തോന്നിയ നിമിഷം എന്നാണ് പെപ്പെ ആ സമയത്തെ വിശേഷിപ്പിക്കുന്നത്. ഏറെ ശ്രദ്ധയോടെയും നിശ്ചയദാര്‍ഡ്യത്തോടെയും അതിലുപരി വ്യക്തതയോടെയുമുള്ള വനിതാ പൈലറ്റിന്റെ തീരുമാനത്തെ പെപ്പെ അഭിനന്ദിക്കുന്നുണ്ട്. ലാന്‍ഡിങ് വിജയിക്കാതെ വന്നതോടെ യാത്രക്കാര്‍ ഒരു നിമിഷം പരിഭ്രാന്തരായെങ്കിലും ആ സാഹചര്യം നന്നായി കൈകാര്യം ചെയ്ത ക്യാബിന് ക്രൂവിനെയും പെപ്പെ പോസ്റ്റില്‍ അഭിനന്ദിക്കുന്നു. ചക്രങ്ങള്‍ റണ്‍വേ തൊട്ടതും വിമാനത്തിനുള്ളില്‍ കയ്യടി മുഴങ്ങുകയായിരുന്നു. കോക്ക്പിറ്റിലെയും ക്യാബിനിലെയും അസാമാന്യ വനിതകള്‍ക്ക് നന്ദി. നിങ്ങളുടെ ദ്രുതവേഗത്തിലുള്ള തീരുമാനങ്ങള്‍, അവയിലെ കൃത്യത, പ്രൊഫഷണലിസം അത് ആ ഭയാനകമായ സാഹചര്യത്തെ ആദരണീയ നിമിഷമാക്കി മാറ്റി. നന്ദി… ആന്റണി വർഗീസ് കുറിപ്പില്‍ പറഞ്ഞു.
ഐ ആം ഗെയിം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതിന് ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു താരം. ബഹുമാനം എന്ന് കുറിച്ച് പങ്കുവച്ച പോസ്റ്റില്‍ ഇന്‍ഡിഗോയെയും അദ്ദേഹം ടാഗ് ചെയ്തിട്ടുണ്ട്. പിന്നാലെ കമന്റുകളുമായി ആരാധകരുമെത്തി. ‘ചിലതൊക്കെ അങ്ങനെ ആണ്. ഒരിക്കൽ ഒന്ന് പിഴച്ചെന്ന് കരുതി എല്ലാവർക്കും അങ്ങനെ മോശം ആകണം എന്നില്ല’ എന്നാണ് ഒരാള്‍ കുറിച്ചത്. ‘ക്രൂവിനോടും ക്യാപ്റ്റനോടും ബഹുമാനം’, ‘വായിക്കുമ്പോളേ രോമാഞ്ചം’ എന്നിങ്ങനെ നീളുന്നു പോസ്റ്റിനടിയിലെ കമന്റുകള്‍. തങ്ങളുടെ സമാന അനുഭവം പങ്കുവച്ചും ആളുകള്‍ പോസ്റ്റില്‍ കമന്റുകളുമായി എത്തുന്നുണ്ട്.