മുംബൈ ഇന്ത്യൻസിന്റെ മലയാളി സ്പിന്നർ വിഘ്നേഷ് പുത്തൂരിന് ഐപിഎൽ 2025 സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. വിഘ്നേഷിന് പകരം രഘു ശർമയെ ടീമിൽ ഉൾപ്പെടുത്തിയതായി മുംബൈ ഇന്ത്യൻസ് അറിയിച്ചു. കാലിലെ പരിക്കാണ് വിഘ്നേഷിന് വിനയായത്. അരങ്ങേറ്റ മത്സരത്തിൽ ഏറെ ശ്രദ്ധനേടിയ വിഘ്നേഷിന് പ്രതീക്ഷയർപ്പിച്ച സീസൺ പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്നിരിക്കുകയാണ്.

ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിനെയും പോണ്ടിച്ചേരിയെയും പ്രതിനിധീകരിച്ചിട്ടുള്ള രഘു ശർമ, ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. അഞ്ച് തവണ അഞ്ച് വിക്കറ്റ് നേട്ടവും മൂന്ന് തവണ പത്ത് വിക്കറ്റ് നേട്ടവും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സ്വന്തമാക്കിയിട്ടുണ്ട്.

അടുത്തിടെ സമാപിച്ച വിജയ് ഹസാരെ ട്രോഫിയിൽ പഞ്ചാബിനായി 9 മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകൾ വീഴ്ത്തി രഘു തിളങ്ങിയിരുന്നു.
വിഘ്നേഷ് മുംബൈ ഇന്ത്യൻസിനായി അഞ്ച് മത്സരങ്ങൾ കളിച്ച് ആറ് വിക്കറ്റുകൾ നേടിയിട്ടുണ്ട്. അരങ്ങേറ്റ മത്സരത്തിൽ ചെന്നൈയ്ക്കെതിരെ മൂന്ന് വിക്കറ്റുകളാണ് സ്വന്തമാക്കിയത്.
പരിക്കിൽനിന്ന് മുക്തിനേടുന്നതിനായി വിഘ്നേഷ് മുംബൈ ഇന്ത്യൻസ് മെഡിക്കൽ, എസ്&സി ടീമിനൊപ്പം തുടരും. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്നും മുംബൈ ഇന്ത്യൻ പ്രസ്താവനയിൽ അറിയിച്ചു.