ലഹരി ഉപയോഗിച്ചെന്ന് റാപ്പര്‍ വേടൻ സമ്മതിച്ചതായി തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ്. വേടന്‍റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലെ മേശപ്പുറത്ത് നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തതെന്നും ആരുടെയും കയ്യിൽ നിന്നല്ല പിടികൂടിയതെന്നും ഹിൽപാലസ് സിഐ മാധ്യമങ്ങളോട് പറഞ്ഞു. ഫ്ലാറ്റിൽ നിന്ന് ആറ് ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. വേടനും മറ്റു സംഘാംഗങ്ങളും ലഹരി ഉപയോഗിച്ചതായി സമ്മതിച്ചിട്ടുണ്ട്.

ഇവരുടെ വൈദ്യപരിശോധനയടക്കം നടത്തും. ഫ്ലാറ്റിൽ നിന്ന് 9.5 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. പരിപാടി ബുക്ക് ചെയ്തതിന് ലഭിച്ച തുകയാണെന്നും സംഘാംഗങ്ങള്‍ക്ക് നൽകാനുള്ളതാണെന്നുമാണ് വേടൻ പറഞ്ഞതെന്നും എന്നാൽ, ഇത്രയധികം പണം കണ്ടെത്തിയത് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. വേടനും റാപ്പ് ടീമിലെ സംഘാംഗങ്ങളും പരിശീലിക്കാൻ ഒത്തുകൂടുന്ന ഫ്ലാറ്റാണിത്.

രാവിലെ പൊലീസ് എത്തുമ്പോള്‍ ഒമ്പതുപേരും മുറിയിൽ വിശ്രമിക്കുകയായിരുന്നു. കുറച്ചു ദിവസമായി വേടനും സംഘവും നിരീക്ഷണത്തിലായിരുന്നു. പിടിയിലായവരെല്ലാം വേടന്‍റെ റാപ്പ് ടീമിൽ ഉള്‍പ്പെട്ടവരാണ്. വേടൻ അടക്കമുള്ള എല്ലാവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യ പരിശോധന നടത്തിയശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. കഞ്ചാവ് എവിടെ നിന്നാണ് ലഭിച്ചതെന്ന കാര്യമടക്കം ഇപ്പോള്‍ പറയാനാകില്ലെന്നും സിഐ വ്യക്തമാക്കി.

രാസലഹരിക്കെതിരെ നേരത്തേ റാപ്പർ വേടൻ വേദികളിലും സമൂഹമാധ്യമങ്ങളിലും വലിയ പ്രചാരണം നടത്തിയിരുന്നു. വേടന്‍റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നിന്നാണ് ഇന്ന് രാവിലെ കഞ്ചാവ് പിടിച്ചെടുത്തത്. ഇന്നലെ രാത്രിയാണ് വേടനടക്കമുള്ള ഒമ്പതുപേര്‍ പരിപാടി കഴിഞ്ഞ് ഫ്ലാറ്റിലെത്തിയത്. പൊലീസിനെയും എക്സൈസിനെയും സംബന്ധിച്ച് ചെറിയ കേസാണെങ്കിലും നിരവധി യുവാക്കളെയടക്കം സ്വാധീനിക്കുന്ന വ്യക്തിയിൽ നിന്ന് ലഹരി കണ്ടെത്തിയത് ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ വേടന്‍റെ ഫ്ലാറ്റിൽ നിന്ന് ഏഴു ഗ്രാം കഞ്ചാവ് പിടിച്ചെടുത്തെന്നാണ് പൊലീസ് നൽകിയ വിവരം. പിന്നീടാണ് ആറു ഗ്രാമാണ് പിടിച്ചെടുത്തതെന്ന് പൊലീസ് തിരുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

You missed