ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ ചുമത്തില്ലെന്ന തരത്തിൽ വന്ന വാർത്ത തെറ്റെന്ന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റ്. എല്ലാത്തരം മോട്ടോർ വാഹന നിയമലംഘനങ്ങൾക്കും ഇ-ചെല്ലാൻ സംവിധാനം മുഖേന ചെല്ലാൻ തയ്യാറാക്കി പിഴ ചുമത്തുന്നതിന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെന്ന് എംവിഡി അറിയിച്ചു. അതേസമയം ഏതെങ്കിലും കാരണവശാൽ സാധുതയുള്ള രേഖകൾ കൈവശം ഉണ്ടായിട്ടും വാഹനത്തിന് പിഴ ചുമത്തിയിട്ടുണ്ടെങ്കിൽ യഥാർത്ഥ രേഖ ഹാജരാക്കിയാൽ പിഴ ഒഴിവാക്കി കൊടുക്കുന്നതാണെന്നും എംവിഡി വ്യക്തമാക്കി.

എംവിഡിയുടെ അറിയിപ്പ്

കേന്ദ്ര മോട്ടോർ വാഹന ചട്ടം 167 എയിൽ റോഡ് സുരക്ഷയെ നേരിട്ട് ബാധിക്കുന്ന അമിതവേഗം, ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിക്കുക, അനധികൃത പാർക്കിംഗ്, ട്രാഫിക് സിഗ്നലിൽ റെഡ് ലൈറ്റ് അവഗണിക്കുക. അമിതഭാരവും അമിത അളവുകളും ഉള്ള ചരക്കുകൾ വഹിക്കുക, ലെയിൻ നിയമങ്ങൾ ലംഘിക്കുക, ചരക്ക് വാഹനങ്ങളിൽ ആളെ കയറ്റുക, നമ്പർ പ്ലേറ്റ് ശരിയായി പ്രദർശിപ്പിക്കാതെ ഇരിക്കുക, എമർജൻസി വാഹനങ്ങളുടെ വഴി മുടക്കുക തുടങ്ങിയ 12 നിയമലംഘനങ്ങൾക്ക് എ ഐ ക്യാമറകൾ പോലെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ മുഖേന ഇ-ചെല്ലാൻ സംവിധാനത്തിൽ ഓട്ടോമേറ്റ്ഡ് ചെല്ലാനുകൾ തയ്യാറാക്കി പിഴ ചുമത്തുന്നതിന് വ്യവസ്ഥ ചെയ്‌തിട്ടുള്ളതാണ്.

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് വാഹനം തടഞ്ഞ് നിർത്തി പരിശോധിക്കുന്നതോടൊപ്പം തന്നെ, വാഹനം തടഞ്ഞ് നിർത്തിച്ച് പരിശോധിക്കാൻ സാധിക്കാതെ വരുമ്പോൾ നിയമലംഘനത്തിന്‍റെ ചിത്രം പകർത്തി ഇ-ചെല്ലാൻ സംവിധാനം മുഖേന ചെല്ലാൻ തയ്യാറാക്കി എല്ലാത്തരം നിയമ ലംഘനങ്ങൾക്കും പിഴ ചുമത്താൻ കേന്ദ്ര മോട്ടോർ വാഹന നിയമം അധികാരപ്പെടുത്തിയിട്ടുണ്ട്. നിലവിൽ കേന്ദ്ര മോട്ടോർ വാഹന ചട്ടം 167(1), (2) പ്രകാരം എല്ലാത്തരം മോട്ടോർ വാഹന നിയമ ലംഘനങ്ങൾക്കും ഇ-ചെല്ലാൻ സംവിധാനം മുഖേന ചെല്ലാൻ തയ്യാറാക്കി പിഴ ചുമത്തുന്നതിന് സംസ്ഥാന സർക്കാർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തിയിട്ടുണ്ട്.

രേഖകൾ സാധുതയുണ്ടായിട്ടും കേസുകൾ വന്നതുമൂലം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടായി എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് വകുപ്പിലെ ഉദ്യോഗസ്ഥർക്കായുള്ള നിർദ്ദേശം മോട്ടോർ വാഹന വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഏതെങ്കിലും കാരണവശാൽ സാധുതയുള്ള രേഖകൾ കൈവശം ഉണ്ടായിട്ടും വാഹനത്തിന് പിഴ ചുമത്തിയിട്ടുണ്ടെങ്കിൽ യഥാർത്ഥ രേഖ ഹാജരാക്കിയാൽ പിഴ ഒഴിവാക്കി കൊടുക്കുന്നതാണ്.

പ്രസ്‌തുത നിർദ്ദേശങ്ങളെ തെറ്റായി വ്യാഖ്യാനം ചെയ്‌ത്, വാഹനം തടഞ്ഞു നിർത്തി പരിശോധിക്കാതെ ഉദ്യോഗസ്ഥർ തയ്യാറാക്കിയ ചെല്ലാനുകളിൽ റൂൾസ് 167എയിൽ പ്രതിപാദിക്കുന്ന 12 നിയമലംഘനങ്ങൾക്ക് മാത്രമാണ് സാധുത ഉള്ളത് എന്നും അങ്ങനെ അല്ലാതെ പിഴ ചുമത്തിയ കേസുകൾ റദ്ദാക്കുമെന്നും മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത് തികച്ചും വാസ്‌തവ വിരുദ്ധമാണെന്നും എല്ലാത്തരം മോട്ടോർ വാഹന നിയമലംഘനങ്ങൾക്കും ഇ-ചെല്ലാൻ സംവിധാനം മുഖേന ചെല്ലാൻ തയ്യാറാക്കി പിഴ ചുമത്തുന്നതിന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് അധികാരം ഉണ്ടായിരിക്കുന്നതാണെന്നും ഇതിനാൽ അറിയിക്കുന്നു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *