മേടമാസമെത്തി. ഇന്ന് കേരളീയര്‍ വിഷു ആഘോഷിക്കുന്നു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളപ്പെടുത്തലാണ് വിഷു. അഭിവൃദ്ധിയുടെ നല്ല നാളുകള്‍ക്കായുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും പങ്കുവെക്കാന്‍ ഏവരും ഒത്തുകൂടുന്ന ആഘോഷ നിമിഷങ്ങളാണിത്. സമ്പന്നമായ നമ്മുടെ കാര്‍ഷിക സംസ്‌കാരത്തെ വീണ്ടെടുക്കേണ്ടത്തിന്റെ അനിവാര്യതയും ഈ ആഘോഷ ദിനം ഓര്‍മ്മിപ്പിക്കുന്നു. വൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും കളിത്തൊട്ടിലാണ് നമ്മുടെ നാട്. എല്ലാ വിഭാഗങ്ങളിലുമുള്ളവര്‍ ഒരുമിച്ചാഘോഷിക്കുന്നവയാണ് വിഷുവടക്കമുള്ള ഉത്സവങ്ങള്‍.

വീടുകളില്‍ തലേദിവസം തന്നെ കണിക്കൊന്നയും വെള്ളരിയും കൃഷ്ണവിഗ്രഹവുമായി കണി ഒരുക്കിയിരുന്നു. പുലര്‍ച്ച കണികണ്ടുണര്‍ന്നവര്‍ വിഷു ആഘോഷങ്ങളിലേക്ക് കടന്നു. വീടുകളില്‍ വിഭവസമൃദ്ധമായ സദ്യയൊരുക്കിയും പടക്കം പൊട്ടിച്ചും ബന്ധുമിത്രാദികളുമായി ഒത്തുചേര്‍ന്നുമാണ് ആഘോഷം. കുട്ടികളും മുതിര്‍ന്നവരും പുതിയ വിഷുക്കോടികള്‍ അണിഞ്ഞു.

ഈദിവസം ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍ ഒരുകൊല്ലക്കാലം നിലനില്‍ക്കുമെന്നാണ് വിശ്വാസം. മലയാളം കലണ്ടര്‍ പ്രകാരം പുതിയ വര്‍ഷം തുടങ്ങുന്നത് ചിങ്ങം ഒന്നിനാണെങ്കിലും, വിഷുദിനവും ഒരു പുതിയ ആരംഭമായി കരുതിവരുന്നു. വിഷുക്കൈനീട്ടം സ്വീകരിക്കുന്നത് സമ്പത്ത് പ്രദാനം ചെയ്യുമെന്നും വിശ്വാസമുണ്ട്. കേരളത്തിലെ പ്രധാന വിളവെടുപ്പുത്സവങ്ങളിലൊന്ന് കൂടിയാണ് വിഷു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *