അവരെല്ലാം പ്രണയത്തിലായിരുന്നു. തങ്ങളുടെ കാമുമാര്‍ക്ക് വേണ്ടി 36 പുരുഷന്മാര്‍ ചെലവഴിച്ചത് 1.2 കോടി രൂപ. പക്ഷേ, പിന്നീടാണ് ആ 36 കാമുകന്‍മാരും സത്യമറിഞ്ഞത്. അവരെല്ലാം പ്രണയിച്ചിരുന്നത് ഒരാളെ. ചൈനയിലെ ഷെൻഷെനിലെ ഒരു സ്ത്രീ 90 കിലോമീറ്റർ അകലെയുള്ള ഹുയിഷൗവിൽ തന്‍റെ 36 കാമുകന്മാരോട് അപ്പാർട്ടുമെന്‍റുകൾ വാങ്ങാൻ നിർബന്ധിച്ചു. എല്ലാ അപ്പാര്‍ട്ട്മെന്‍റുകളും വാങ്ങിയത് ജിയു ജിംഗ് തായ്, ഹാവോ യി ഷാങ് യുവാൻ എന്നീ രണ്ട് റെസിഡൻഷ്യൽ കോംപ്ലക്സുകളിലായിട്ടായിരുന്നുവെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വർഷം മാർച്ചിൽ ഒരു ഡേറ്റിംഗ് ആപ്പിലൂടെ ലിയു ജിയയെ കണ്ടുമുട്ടിയ അനുഭവം, അറ്റാവോ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഒരു കാമുകന്‍ മാധ്യമങ്ങളോട് പങ്കുവച്ചു. ലിയു ജിയ, മനസലിവുള്ളയാളും സദ്ഗുണസമ്പന്നയും കുടുംബാഭിമുഖ്യമുള്ളവളും ഒപ്പം മറ്റുള്ളവരോട് ഏറെ പരിഗണനയുള്ളവളാണെന്നും അദ്ദേഹം പറഞ്ഞു. ഈയൊരു സ്വഭാവസവിശേഷതയാണ് തന്നെ ആകർഷിച്ചതെന്നും അയാൾ കൂട്ടിച്ചേര്‍ത്തു. ഹുനാൻ പ്രവിശ്യയിൽ നിന്നുള്ള 30 വയസ്സുള്ള സ്ത്രീയാണെന്നും ഷെൻഷെനിലെ ഇ-കൊമേഴ്‌സ് വ്യവസായത്തിൽ ജോലി ചെയ്യുകയാണെന്നുമായിരുന്നു ലിയു ജിയ.
അറ്റാവോ അടക്കമുള്ള തന്‍റെ കാമുകന്മാരെ വിശ്വസിപ്പിച്ചിരുന്നത്. അറ്റാവോയുമായി ഒരു മാസത്തെ ഡേറ്റിംഗിന് ശേഷം വിവാഹ വിഷയം ആദ്യം എടുത്തിട്ടതു ലിയു തന്നെ. പക്ഷേ, ഒരു നിബന്ധന മുന്നോട്ട് വച്ചു. വിവാഹത്തിന് മുമ്പ് സ്വന്തമായി ഒരു വീട് വാങ്ങണം. വീട് വാങ്ങുന്നതിനായി അറ്റാവോയ്ക്ക് 30,000 യുവാൻ (ഏതാണ്ട് 3.3 ലക്ഷം രൂപ) നല്‍കാമെന്നും ലിയു പറഞ്ഞു. ഒപ്പം ഹുയിഷോവിലെ രണ്ട് റെസിഡൻഷ്യൽ ബ്ലോക്കുകൾ തന്നെ വേണമെന്നും അവൾ ആവശ്യപ്പെട്ടു. ഇക്കാലത്ത് 11 ലക്ഷം രൂപവരെ വസ്തുവാങ്ങാനായി ബാങ്കുകൾ വായ്പ നല്‍കിയിരുന്നു.
അറ്റാവോ ഫ്ലാറ്റ് വാങ്ങി. പക്ഷേ. ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റില്‍ തന്‍റെ പേര് വയ്ക്കാന്‍ ലിയു സമ്മതിച്ചില്ല. പതുക്കെ ലിയു, അറ്റാവോയെ ഒഴിവാക്കിത്തുടങ്ങി. പിന്നാലെ ഇരുവരും തമ്മില്‍ ഒരു ബന്ധവുമില്ലാതായി. ഇതേസമയത്താണ് വാങ് എന്ന് പേരുള്ള യുവാവ് സമാനമായ പ്രശ്നം നേരിട്ടെന്ന് റിപ്പോര്‍ട്ട് ചെയ്തത്. തന്നോടും ലിയു വീട് വാങ്ങാന്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ വീട് വാങ്ങിയ ശേഷം തിരക്കാണെന്ന കാരണം പറഞ്ഞ് തന്നെ കാണാന്‍ പോലും ലിയു കൂട്ടാക്കുന്നില്ലെന്നും വാങ് പരാതി പറഞ്ഞു.
പതുക്കെ പരാതികളുടെ എണ്ണം കൂടി. ഒടുവില്‍ ഷെൻഷെനിൽ ജോലി ചെയ്യുന്ന, 30 വയസ്സുള്ള 36 പുരുഷന്മാരെങ്കിലും സമാനമായ തട്ടിപ്പിന് ഇരയായെന്ന് പോലീസ് പറയുന്നു. ഓരോരുത്തരും ഒന്നോ രണ്ടോ മാസം മാത്രമേ ലിയുവുമായി ഡേറ്റിംഗ് നടത്തിയിട്ടുള്ളൂ. എല്ലാവരെയും അവൾ വീട് വാങ്ങാന്‍ നിര്‍ബന്ധിക്കുന്നു. വീട് വാങ്ങിയ ശേഷം ഓരോരുത്തരെയും അവൾ ഉപേക്ഷിച്ചു. ലിയുവിന്‍റെ അസാധാരണമായ തട്ടിപ്പ് ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഒരു റിയൽ എസ്റ്റേറ്റ് ഡെവലപ്പറുടെ വിൽപ്പന ചാമ്പ്യൻ എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ ലിയുവിനെ വിശേഷിപ്പിച്ചത്.
അതേസമയം ലിയുവിന്‍റെ മുന്‍കാമുകന്മാരില്‍ പലരും ഇനിയൊരു കാമുകിയെ കണ്ടെത്താന്‍ പോലും ഭയമാണെന്നും നിലവില്‍ ശമ്പളത്തിൽ നിന്നും ഭീമമായ ഒരു തുക ലോണ്‍ അടയ്ക്കാനായി മാറ്റിവയ്ക്കേണ്ട അവസ്ഥയിലാണെന്നും പരാതിപ്പെട്ടു. അതേസമയം യുവതിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അവരെന്തിന് തന്‍റെ 36 കാമുകന്മാരെ കൊണ്ട് അപ്പാർട്ട്മെന്‍റുകൾ വാങ്ങിപ്പിച്ചുവെന്നതും അജ്ഞാതം.
There is no ads to display, Please add some