കൊച്ചി: കാക്കനാട് തെങ്ങോട് ഗവ. ഹൈസ്കൂളിൽ വിദ്യാർത്ഥിനിക്ക് നേരെ സഹപാഠികൾ നായ്ക്കുരണ പൊടി എറിഞ്ഞ സംഭവത്തിൽ അധ്യാപകര്‍ക്കെതിരെ നടപടി. മൂന്ന് അധ്യാപകർക്ക് സസ്പെൻ്റ് ചെയ്യുകയും ഒരാളെ സ്ഥലം മാറ്റുകയും ചെയ്തു. പി എസ് ശ്രീകാന്ത്, ജിഷ ജോസഫ്, എൻ.എസ് ദീപ എന്നിവരെയാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സസ്പെൻ്റ് ചെയ്തത്. അധ്യാപികയായ ആർ എസ് രാജിയെയാണ് സ്ഥലം മാറ്റിയത്.

നായ്ക്കുരുണപ്പൊടി ദേഹത്തെറിഞ്ഞ് സഹപാഠികളുടെ ക്രൂര വിനോദത്തിൽ ശരീരമാകെ ചൊറിഞ്ഞ് തടിച്ച് പരീക്ഷ പോലും എഴുതാനാവാതെ പത്താം ക്ലാസുകാരിയുടെ ദുരവസ്ഥ പുറത്തുവന്നിരുന്നു. കൊച്ചി കാക്കനാട് തെങ്ങോട് സർക്കാർ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് സഹപാഠികളുടെ ക്രൂരതയിൽ രണ്ടാഴ്ചയായി ശാരീരികവും മാനസികവുമായി തളര്‍ന്നിരിക്കുന്നത്. ക്രൂരമായ ആക്രമണമുണ്ടായിട്ടും ആശ്വസിപ്പിക്കുന്ന ഒരു വാക്കുപോലും സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നത് പെൺകുട്ടിക്കും കുടുംബത്തിനും തീരാനോവുണ്ടാക്കിയിരിക്കുകയാണ്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ ഓഫിസിലെയും ഡിഇഒ, എഇഒ ഓഫിസിലെയും ഉദ്യോഗസ്ഥർ കുട്ടിയുടെ വീട്ടിലും സ്‌കൂളിലുമെത്തി വിവരങ്ങൾ ശേഖരിച്ചു.

ശരീരത്ത് ചൊറിച്ചിൽ സഹിക്കാൻ പറ്റാതായപ്പോൾ എന്താണ് ഇതെന്ന് താൻ ചോദിച്ചെന്നും പിന്നീട് വാഷ് റൂമിലേക്ക് ഓടിപ്പോയെന്നുമാണ് പെണ്‍കുട്ടി പറഞ്ഞത്. വേദന സഹിക്കാൻ വയ്യെന്നും ടീച്ചറോട് പറയണമെന്നും പറഞ്ഞിട്ടും ആരും അറിയിച്ചില്ല. അടുത്ത ദിവസമായപ്പോഴേക്കും കാലുകൾ കൂട്ടി വെക്കാൻ പറ്റാത്ത അവസ്ഥയിലായി താനെന്ന് പെൺകുട്ടി പറയുന്നു. ക്ലാസിലെ പിൻബഞ്ചിലിരിക്കുന്ന പെൺകുട്ടിയാണ് നായ്ക്കുരണ പൊട്ടിച്ച് ക്ലാസ് മുറിയിൽ വിതറിയത്. അങ്ങോട്ടും ഇങ്ങോട്ടും എറിയുന്നതിനിടെ പരീക്ഷ കഴിഞ്ഞ് ബെഞ്ചിൽ വിശ്രമിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തും നായ്ക്കുരുണ പൊടിയെത്തി. ഇതോടെ ശരീരം ചൊറിഞ്ഞ് തുടങ്ങി. തുടർന്ന് കുട്ടികൾ പെൺകുട്ടിയോട് പോയി കുളിക്കാൻ പറഞ്ഞു. ചൊറിച്ചിൽ കൂടിയതോടെ പെൺകുട്ടി ശുചിമുറിയിലെത്തി ശരീരമാകെ വെള്ളമൊഴിച്ചു. ഇതോടെ നായ്ക്കുരുണപ്പൊടി ശരീരമാകെ പടർന്നു. ഇതോടെ ചൊറിച്ചിൽ സഹിക്കാതെ പെൺകുട്ടി നിരവധി ആശുപത്രികൾ കയറിയിറങ്ങി. സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ മോഡൽ പരീക്ഷയും മുടങ്ങി.

സംഭവം അറിഞ്ഞിട്ട് സ്കൂൾ അധികൃതർ തുടക്കം മുതൽ വിദ്യാർത്ഥിയോട് മോശമായി പെരുമാറിയെന്ന് അമ്മ ആരോപിച്ചു. കടുത്ത വേദനയിൽ പെൺകുട്ടി കഴിയുമ്പോഴും ക്ലാസിലെത്താൻ സ്കൂളിൽ നിന്ന് നിർബന്ധിച്ചെന്നും ഹാജരില്ലാതെ പരീക്ഷ എഴുതിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും അമ്മ ആരോപിക്കുന്നു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed