ഓട്ടോറിക്ഷയിൽ മീറ്റർ പ്രവർത്തിപ്പിക്കാത്തവർക്ക് എതിരെ നാളെ മുതൽ കർശന നടപടി. ‘മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം’ എന്ന സ്റ്റിക്കർ ശനിയാഴ്ച മുതൽ എല്ലാ ഓട്ടോകളിലും പതിപ്പിക്കണം. ഓട്ടോറിക്ഷയുടെ ഫിറ്റ്നസ് പരിശോധനയിൽ ഈ സ്റ്റിക്കർ നിർബന്ധമാക്കും. ഇക്കാര്യം സർക്കാരിനും റിപ്പോർട്ട് ചെയ്യും.
മോട്ടര്‍ വാഹന വകുപ്പിനു കൊച്ചി സ്വദേശി കെ.പി. മത്ത്യാസ് ഫ്രാന്‍സിസ് സമര്‍പ്പിച്ച നിർദേശമാണ് മാര്‍ച്ച് ഒന്നു മുതല്‍ നടപ്പിലാക്കുന്നത്. വിദേശത്ത് ഓട്ടോറിക്ഷകളിലെ യാത്രാവേളയില്‍ ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുകയോ പ്രവര്‍ത്തനരഹിതമാവുകയോ ചെയ്താല്‍ ‘മീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ യാത്ര സൗജന്യം’ എന്ന സ്റ്റിക്കര്‍ യാത്രക്കാരന് ദൃശ്യമാകും വിധം പതിച്ചിരിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് റോഡ് സുരക്ഷാ നിയമങ്ങളില്‍ നിര്‍ദേശമുണ്ട്.
കേരളത്തില്‍ സര്‍വീസ് നടത്തുന്ന ഓട്ടോകളിലും യാത്രാവേളയില്‍ ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുകയോ പ്രവര്‍ത്തനരഹിതമായിരിക്കുകയോ ചെയ്താല്‍ ‘യാത്ര സൗജന്യം’ എന്ന് മലയാളത്തിലും ഇംഗ്ലിഷിലും രേഖപ്പെടുത്തി പ്രിന്റ് ചെയ്ത സ്റ്റിക്കര്‍ ഡ്രൈവര്‍ സീറ്റിനു പിറകിലായോ യാത്രക്കാര്‍ക്ക് അഭിമുഖമായോ പതിച്ചിരിക്കണം. അല്ലെങ്കില്‍ ഇതേ സ്ഥാനത്ത് ഇരുണ്ട പാശ്ചാത്തലത്തില്‍ വെള്ള അക്ഷരത്തില്‍ വായിക്കാന്‍ കഴിയുന്ന ഫോണ്ട് വലുപ്പത്തില്‍ എഴുതി വയ്ക്കണം.
ഓട്ടോ യാത്രയ്ക്കിടയിലെ അമിത നിരക്ക് ഈടാക്കല്‍ സംബന്ധിച്ച പരാതികള്‍ ചില ഇടങ്ങളില്‍ വര്‍ധിക്കുന്നതിനാല്‍ ദുബായിയില്‍ സര്‍ക്കാരിന്റെ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് വിജയകരമായി നടപ്പാക്കിയിട്ടുള്ളതും ഓട്ടോകളില്‍ പതിപ്പിച്ചിട്ടുള്ളതുമായ സ്റ്റിക്കര്‍ സമ്പ്രദായം കേരളത്തിലും നടപ്പാക്കണമെന്നതായിരുന്നു കെ.പി. മത്ത്യാസിന്റെ നിർദേശം
There is no ads to display, Please add some