കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് എതിരെ കോടതിയലക്ഷ്യ ഹർജി. അതിജീവിതയായ നടിയാണ് വിചാരണ കോടതിയിൽ ഹർജി നൽകിയത്. പോലീസ് കള്ളത്തെളിവുകൾ ഉണ്ടാക്കി എന്ന ആരോപണത്തിലാണ് ഹർജി സമർപ്പിച്ചത്.

ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീലേഖ ഈ ആരോപണം ഉന്നയിച്ചിരുന്നത്. നേരത്തെ ശ്രീലേഖയും ദിലീപും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന വാട്സ്ആപ്പ് ചാറ്റുകൾ പുറത്തു വന്നിരുന്നു. ദിലീപിന് അനുകൂലമായി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തൽ വലിയ വിവാദമായിരുന്നു. കേസിൽ ദിലീപ് നിരപരാധിയാണെന്നും നടനെതിരെ തെളിവുകൾ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ശ്രീലേഖയുടെ ആരോപണം.

അടുത്തിടെ ഒരു സ്വകാര്യ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീലേഖ വീണ്ടും ദിലീപിന് അനുകൂലമായി രംഗത്ത് വന്നത്. ഈ കേസിൽ ദിലീപ് നിരപരാധിയാണെന്ന് തനിക്ക് ഉത്തമ ബോധ്യമുണ്ടെന്നും ഈ കേസ് തീരാൻ പോകുന്നില്ലെന്നും ദിലീപിൻ്റെ കാര്യത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവരോട് നേരിട്ട് കാര്യം ബോധിപ്പിച്ചിരുന്നുവെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

കേസിലെ അന്തിമ വാദം ഇന്നാരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അന്തിമഘട്ട വിചാരണ നടപടികൾ പുരോഗമിക്കുന്നത്. ജനുവരി മധ്യത്തോടെ വിചാരണ നടപടികൾ പൂർത്തിയാക്കി കേസ് വിധി പറയാൻ മാറ്റിയേക്കും.കേസിൽ നടൻ ദിലീപ് ഉൾപ്പടെ 9 പ്രതികളുണ്ട്.

കേസിൽ വിചാരണ നേരിടുന്ന എട്ടാം പ്രതിയാണ് ദിലീപ്. ബലാത്സംഗ ഗൂഡാലോചന കേസിലാണ് ദിലീപ് പ്രതിചേർക്കപ്പെട്ടത്. ക്വട്ടേഷന്റെ ഭാഗമായി ബലാത്സംഗ കുറ്റകൃത്യം നടപ്പാക്കിയ പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി.

അതേസമയം ആക്രമിക്കപ്പെട്ട സംഭവത്തിൽ നീതിതേടി അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. അതിജീവിതയായ നടിയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഇന്നലെ കത്തയച്ചത്. മെമ്മറി കാര്‍ഡ് തുറന്നുപരിശോധിച്ചതില്‍ നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രപതിക്ക് കത്തെഴുതിയത്. ഹൈക്കോടതിയ്ക്കും സുപ്രീം കോടതിയ്ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

മെമ്മറി കാര്‍ഡിൻ്റെ ഹാഷ് വാല്യൂ മാറിയെന്നും അത് പല തവണ തുറന്നുപരിശോധിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് നടിയുടെ അസാധാരണ നീക്കം. അന്വേഷണ റിപ്പോർട്ടിൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും കുറ്റക്കാർക്ക് എതിരെ നടപടി എടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *