വാഹനങ്ങളിൽ നിയമപരമായി കൂളിങ് ഫിലിം ഉപയോഗിക്കാമെന്നും ഇക്കാര്യത്തിൽ ഹൈക്കോടതി വിധി ഉദ്യോഗസ്ഥർ കൃത്യമായി പാലിക്കണമെന്നും ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. ഒരിക്കലും യാത്രക്കാരെ വഴിയിൽ പിടിച്ചുനിർത്തി കൂളിങ് ഫിലിം വലിച്ചുകീറരുതെന്നും അദ്ദേഹം നിർദേശിച്ചു. ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് മോട്ടോർ വാഹനവകുപ്പ്, എൻഫോഴ്സ്മെന്റ്, പോലീസ് ഉദ്യോഗസ്ഥർക്ക് മന്ത്രി ഈ നിർദേശം നൽകിയത്.
ഫിലിം ഒട്ടിക്കാൻ ഹൈക്കോടതി അനുവാദം നൽകിയിട്ടുണ്ട്. മുൻവശത്തെ ഗ്ലാസിൽ 70 ശതമാനം വിസിബിലിറ്റിയും വശങ്ങളിലെ ഗ്ലാസുകളിൽ 50 ശതമാനം വിസിബിലിറ്റിയും മതിയെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. അതിനാൽ ഉദ്യോഗസ്ഥർ ഹൈക്കോടതി വിധി കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
”മുൻവശത്തെ ഗ്ലാസിൽ 70 ശതമാനം വിസിബിലിറ്റിയും വശങ്ങളിൽ 50 ശതമാനം വിസിബിലിറ്റിയും മതിയെന്ന് കോടതി പറഞ്ഞിട്ടുണ്ട്. അതിനാൽ ഇതിന്റെ പേരിൽ ഇനി ഫിലിം വലിച്ചുകീറുന്നതൊന്നും വേണ്ട. എന്നാൽ, വളരെ ഡാർക്ക് ആയി, അകത്തിരിക്കുന്ന ആളെ തീരെ കാണാത്തവിധം ഫിലിം ഒട്ടിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ചെലാൻ അടിക്കാം. പക്ഷേ, ആളുകളെ ഉപദ്രവിക്കരുത്. പ്രത്യേകിച്ച് ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുഞ്ഞുങ്ങൾ, കാൻസർ രോഗികൾ, വയോധികർ എന്നിവരെ. ഇവർക്ക് അസഹനീയമായ ചൂടായിരിക്കും അനുഭവപ്പെടുക.
ബഹു. കോടതിയുടെ തീരുമാനം സ്വാഗതാർഹമാണ്. ഞാൻ ഇതിനെതിരായിരുന്നു. കുഞ്ഞുങ്ങളെ കൊണ്ട് യാത്രചെയ്യുന്നവർക്കും കീമോ ചികിത്സ കഴിഞ്ഞ് മടങ്ങുന്ന കാൻസർ രോഗികൾക്കും ചൂട് താങ്ങാനാകില്ല. വെയിൽ താങ്ങാൻ വയ്യാത്തതുകൊണ്ട് ടവൽ തൂക്കിയിടുകയാണ് ചെയ്യാറുള്ളത്. ഇതെല്ലാം കണ്ടതുകൊണ്ടാണ് ഫിലിം വലിച്ചുകീറുന്ന നടപടികൾ നിർത്തണമെന്നും റോഡിൽ അങ്ങനെ സീനുകളുണ്ടാക്കരുതെന്നും ഞാൻ മന്ത്രിയായ ശേഷം നിർദേശം നൽകിയത്. അപ്പോഴാണ് ഹൈക്കോടതിയുടെ വ്യക്തമായ വിധിയുണ്ടായത്.
ഹൈക്കോടതിയുടെ വിധിയനുസരിച്ച് ഫിലിം ഒട്ടിക്കാം. വളരെ ഡാർക്ക് ആയി മുൻവശത്തെ ഗ്ലാസിലടക്കം കറുത്ത പേപ്പർ ഒട്ടിച്ചിട്ട് പോകുന്നവരുണ്ടെങ്കിൽ അവരെ പിടിക്കാം. പിഴ അടപ്പിക്കാം. അവരേക്കൊണ്ട് അത് മാറ്റിക്കാം. പക്ഷേ, അത് റോഡിൽവെച്ച് വേണ്ട. ഫിലിം മാറ്റിയശേഷം അത് കൊണ്ടുവന്ന് കാണിക്കാൻ നിങ്ങൾക്ക് അവരോട് ആവശ്യപ്പെടാം. റോഡിൽവെച്ച് ഒരുകാരണവശാലും ഉദ്യോഗസ്ഥർ ഫിലിം വലിച്ചുകീറരുത്.
നിങ്ങൾക്ക് ചെലാൻ കൊടുക്കാം. ഫിലിം പരിശോധിക്കാൻ ഒരുമീറ്ററുണ്ട്. അതിൽ അളവ് നോക്കണം. അല്ലാതെ കണ്ണുകൊണ്ട് കണ്ടിട്ട് ഒരാളെ ഉപദ്രവിക്കാൻവേണ്ടി ചെലാൻ എഴുതരുത്.
ഹൈക്കോടതി നിർദേശം വളരെ വ്യക്തമാണ്. വശങ്ങളിലെ ചില്ലുകളിൽ 50 ശതമാനം വിസിബിലിറ്റി മതി. അപ്പോൾ ഈ വെയിലൊന്ന് കുറഞ്ഞുകിട്ടും. ഞാൻ പറഞ്ഞത് ഓർക്കണം. നമ്മുടെ വീട്ടിലും ഇങ്ങനെയുള്ളവരുണ്ടാകും. അവർക്ക് ആശുപത്രിയിൽനിന്ന് മടങ്ങുമ്പോൾ വളരെ ബുദ്ധിമുട്ടാണ്. ഹൈക്കോടതിയുടെ തീരുമാനം വളരെ വളരെ സ്വാഗതാർഹമാണ്. അതുകൊണ്ട് കോടതി ഉത്തരവിനെ ലംഘിച്ചുകൊണ്ട് ഒരു ഉദ്യോഗസ്ഥനും പെരുമാറാൻ പാടില്ല. എല്ലാ നിയമത്തിനും അപ്പുറമായി മനുഷ്യത്വം എന്ന വികാരമുണ്ട്. തട്ടിപ്പ് നടത്താൻ വേണ്ടി എല്ലാചില്ലും മറച്ചുപോകുന്നവരെ നമുക്ക് പിടിക്കാം. പക്ഷേ, സാധാരണക്കാരുടെ ആവശ്യമാണ് ഈ വെയിൽ കൊള്ളാതിരിക്കുക എന്നത്. അതിന് ബഹു. കോടതി ശക്തമായ ഒരു തീരുമാനമെടുത്തിട്ടുണ്ട്. ആ ഉത്തരവിനെ നിങ്ങൾ കൃത്യമായി അനുസരിക്കണമെന്ന് വളരെ സ്നേഹത്തോടെ നിർദേശിക്കുകയാണ്”, മന്ത്രി പറഞ്ഞു.
There is no ads to display, Please add some