തൃശൂര്‍ പൂരം അലങ്കോലമാക്കിയതില്‍ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് എഡിജിപി എം ആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട്. പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ല. പൂരത്തിലെ പൊലീസ് നടപടി കോടതി നിര്‍ദേശം കൂടി പരിഗണിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

1200ലധികം പേജുകളുള്ള റിപ്പോര്‍ട്ട് ആണ് എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചത്. പൂരത്തിന്റെ തുടക്കം മുതലുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. എത്ര പൊലീസുകാരെയാണ് ഓരോ ഇടങ്ങളിലും വിന്യസിച്ചത്, വെടിക്കെട്ട് നടന്നപ്പോള്‍ എന്താണ് സംഭവിച്ചത് തുടങ്ങി പൂരവുമായി ബന്ധപ്പെട്ട് പൊലീസിന്റെ നടപടിക്രമങ്ങളുടെ ഒരു പൂര്‍ണ രൂപമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ബാരിക്കേഡ് വച്ചതിനെ കുറിച്ചും പൊലീസുകാരെ വിന്യസിച്ചതിനെ കുറിച്ചും ഫോട്ടോ സഹിതമാണ് റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരിക്കുന്നത്.

പൂരം അലങ്കോലമാക്കി എന്ന ആക്ഷേപത്തെ പൂര്‍ണമായി തള്ളുന്നതാണ് റിപ്പോര്‍ട്ട്. പൂരം കലക്കിയിട്ടില്ല. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. പൂരത്തിന്റെ ചില ചടങ്ങുകള്‍ പ്രതിഷേധത്തിന്റെ ഭാഗമായി ദേവസ്വങ്ങള്‍ മാറ്റിവെയ്ക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. പക്ഷേ ഇതൊന്നും ഒരു ഗൂഢാലോചനയുടെ ഭാഗമായിട്ടോ, ബാഹ്യ ഇടപെടലിന്റെ ഭാഗമായിട്ടോ അല്ല. ആരെങ്കിലും നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിച്ചതല്ല. രാഷ്ട്രീയ പാര്‍ട്ടികളോ, ഏതെങ്കിലും ഹിഡന്‍ അജണ്ടയുള്ള ആളുകളോ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും പ്രവര്‍ത്തിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു തെളിവും ലഭിച്ചിട്ടില്ല. ദേവസ്വം ബോര്‍ഡുകള്‍ക്കും അത്തരത്തില്‍ ആക്ഷേപമില്ല. അവര്‍ പറയുന്നത് പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായി എന്നാണ്. അത് ശരിയാണ് എന്നാണ് തനിക്ക് തോന്നുന്നത്. പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായി എന്ന് പറയുമ്പോള്‍ റിപ്പോര്‍ട്ടില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് അന്ന് സിറ്റി പൊലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകനെയാണ്. അങ്കിത് അശോകന്റെ വീഴ്ചകളെ കുറിച്ച് പന്ത്രണ്ട് പേജുകളിലായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അങ്കിത് അശോകന്‍ മലയാളിയാണ്. നല്ല പരിചയസമ്പത്തുള്ള ഉദ്യോഗസ്ഥന്‍ ആണ് അദ്ദേഹം. തൃശൂര്‍ പൂരം കൈകാര്യം ചെയ്യുന്നതില്‍ ഈ പരിചയസമ്പത്ത് വേണ്ടപോലെ അങ്കിത് അശോകന്‍ ഉപയോഗിച്ചില്ല. അക്രമികളെ കൈകാര്യം ചെയ്യുന്ന രീതിയിലാണ് അങ്കിത് അശോകന്‍ പെരുമാറിയത്. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനുള്ള ശ്രമം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. പ്രതിഷേധക്കാരോട് സ്വീകരിക്കുന്ന നിലപാടാണ് ഇവിടെ സ്വീകരിച്ചത്. സമീപനത്തില്‍ തെറ്റുപറ്റി എന്ന് തിരിച്ചറിഞ്ഞ് മേലുദ്യോഗസ്ഥരുടെ സഹായം തേടാനും അദ്ദേഹം ശ്രമിച്ചില്ല. തൃശൂര്‍ പൂരം കൈകാര്യം ചെയ്യുമ്പോള്‍ അനുനയശ്രമം നടത്തുന്നതില്‍ അങ്കിത് അശോകന് വീഴ്ച പറ്റി. ഇതാണ് ചടങ്ങുകള്‍ അലങ്കോലപ്പെടാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *