തിരുവന്തപുരം: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ലൈംഗികാരോപണം നേരിടുന്ന നടന്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട് വലിയ പ്രചാരണം നടക്കുന്നുവെന്നും ഇക്കാര്യം പാര്‍ട്ടി വിശദമായി ചര്‍ച്ചചെയ്‌തെന്നും ഗോവിന്ദന്‍ പറഞ്ഞു. ലൈംഗികാരോപണം നേരിട്ട എംഎല്‍എമാര്‍ ആരും രാജിവച്ചിട്ടില്ലെന്നും രാജ്യത്ത് ഇത്തരം ആരോപണം നേരിടുന്ന നിരവധി എംപിമാരും എംഎല്‍എമാരുമുണ്ടന്ന് ഗോവിന്ദന്‍ പറഞ്ഞു. സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ ഒഴിവാക്കുമെന്നും ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘ഭരണപക്ഷത്തെ എംഎല്‍എയ്‌ക്കെതിരെ പോലും കേസ് എടുത്ത് മുന്നോട്ടുപോകുന്ന സര്‍ക്കാരാണിത്. ഇക്കാര്യത്തില്‍ രാജ്യത്തിന് തന്നെ മാതൃകയാണ് സര്‍ക്കാര്‍ സമീപനം. മുകേഷിന്റെ രാജിയെ സംബന്ധിച്ച് വലിയ ക്യാമ്പയ്ന്‍ നടന്നുവരികയാണ്. ഇത് സംബന്ധിച്ച് സംസ്ഥാന സമിതി വിശദമായ പരിശോധന നടത്തി. ഇന്ത്യാ രാജ്യത്ത് 16 എംപിമാരും 135 എംഎല്‍എമാരും സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ്. അതില്‍ ബിജെപി 54, കോണ്‍ഗ്രസ് 23, ടിഡിപി 17, ആം ആദ്മി പാര്‍ട്ടി 13 എന്നിങ്ങനെ വിവിധ കക്ഷികളില്‍ പെട്ടവര്‍ ഇത്തരം കേസുകളില്‍ പ്രതികളായിട്ടുള്ളവരാണ്. അവരാരും എംപി സ്ഥാനമോ എംഎല്‍എ സ്ഥാനമോ രാജിവച്ചിട്ടില്ല.

കേരളത്തില്‍ ഇപ്പോള്‍ രണ്ട് എംഎല്‍എമാര്‍ക്കെതിരെ കേസ് ഉണ്ട്. ഒരാള്‍ ജയിലില്‍ തന്നെ കിടക്കേണ്ടി വന്നിട്ടുണ്ട്. കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. ഉമ്മന്‍ചാണ്ടി, കുഞ്ഞാലിക്കുട്ടി, അനില്‍ കുമാര്‍, ഹൈബി ഈഡന്‍, പീതാംബരക്കുറുപ്പ്, ശശി തരൂര്‍ എന്നിവരുടെയെല്ലാം പേരില്‍ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവന്നുവെങ്കിലും അവരാരും എംഎല്‍എ സ്ഥാനമോ എംപി സ്ഥാനമോ രാജിവച്ചിട്ടില്ല. മന്ത്രിമാരായവര്‍ സ്ഥാനം രാജിവയ്ക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. അന്വേഷണം നടക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള ഇടപെടല്‍ പാടില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിമാരായി ഇരിക്കുന്നവരെ മാറ്റിനിര്‍ത്തുന്നത്. കുഞ്ഞാലിക്കുട്ടി ഇത്തരം കേസില്‍ പ്രതിയായപ്പോള്‍ മന്ത്രി സ്ഥാനമാണ് രാജിവെച്ചത്.

പിജെ ജോസഫ്, നീലലോഹിതദാസ നാടാര്‍, ജോസ് തെറ്റയില്‍ ഇവരാരും എംഎല്‍എ സ്ഥാനം രാജിവച്ചിട്ടില്ല. മന്ത്രിസ്ഥാനമാണ് രാജിവെച്ചത്. കുറ്റം ആരോപിക്കപ്പെട്ടയാള്‍ നിയമസഭാ അംഗത്വം രാജിവച്ചാല്‍ പിന്നീട് നിരപരാധിയാണെന്ന സാഹചര്യം വന്നാല്‍ അവരെ തിരിച്ചെടുക്കുന്നതിനുള്ള നിയമസംവിധാനം ഇല്ല. അത്തരമൊരു നിലപാട് സാമാന്യനിതീനിഷേധിക്കലാവും. അതുകൊണ്ടാണ് മുകേഷിന്റെ കാര്യത്തില്‍ അത്തരമൊരു നിലപാട് സ്വീകരിക്കാത്തത്. അതേസമയം സിനിമയുമായി ബന്ധപ്പെട്ട ഉന്നതാധികാരസമിതികളില്‍ നിന്ന് ഒഴിവാക്കും. കേസ് അന്വേഷണത്തില്‍ യാതൊരുതരത്തിലുള്ള ആനുകൂല്യവും എംഎല്‍എ എന്ന നിലയില്‍ നല്‍കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്. നിതീ എല്ലാവര്‍ക്കും ലഭ്യമാകണം. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ഇക്കാര്യത്തില്‍ ഉറപ്പുവരുത്തണം’ – ഗോവിന്ദന്‍ പറഞ്ഞു


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed