കേരള സംസ്ഥാന പുരസ്‌കാരത്തില്‍ ആടുജീവിതത്തിന്റെ നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് നജീബിന്റെ ക്രൂരനായ അര്‍ബാബായി വേഷമിട്ട ഒമാനി നടന്‍ ഡോ. താലിബ് അല്‍ ബലൂഷി. ചിത്രത്തിന് നിരവധി പുരസ്‌കാരം ലഭിച്ചതില്‍ വളരെ ആഹ്ലാദത്തിലാണ്. സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ബലൂഷി പറഞ്ഞു. ആടുജീവിതത്തിന്റെ ഭാഗമാകാന്‍ അവസരം നല്‍കിയതിന് സംവിധായകന്‍ ബ്ലെസിക്ക് ബലൂഷി നന്ദിയും അറിയിച്ചു.

താന്‍ ചെയ്ത കഥാപാത്രത്തെ പ്രേക്ഷകര്‍ വെറുക്കുന്നുവെന്നതാണ് വിജയമെന്ന് ബലൂഷി പറഞ്ഞു. സിനിമയില്‍ പൃഥ്വിരാജ് അവതരിപ്പിച്ച നജീബെന്ന കഥാപാത്രത്തിന്‍റെ അര്‍ബാബായി വില്ലന്‍ വേഷത്തിലാണ് ത്വാലിബ് എത്തിയത്. അഭിനയത്തിന് പുറമെ സംവിധാനവും തിരക്കഥയും ത്വാലിബിന് വഴങ്ങും. ഏറെ കാലമായി സിനിമ സീരിയല്‍ രംഗത്ത് സജീവമാണ്. ഒമാനിലെത്തിയ സംവിധായകന്‍ ബ്ലെസ്സിയാണ് ബലൂഷിയെ സിനിമയിലേക്ക് ക്ഷണിച്ചത്.

സിനിമ ഒടിടിയില്‍ റിലീസ് ചെയ്തപ്പോള്‍ നിരവധി ഒമാനികള്‍ സിനിമ കാണുകയും സിനിമയേയും തന്റെ പ്രകടനത്തെയും അഭിനന്ദിച്ചതായും ബലൂഷി വ്യക്തമാക്കി. ബലൂഷിയുടെ രണ്ടാമത്തെ മലയാളം സിനിമയാണ് ആടുജീവിതം. സിനിമയുടെ റിലീസിന്റെ ആദ്യഘട്ടത്തില്‍ ഒമാനില്‍ പ്രദര്‍ശന അനുമതി ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ബലൂഷി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലിലൂടെയാണ് സിനിമ പ്രദര്‍ശിപ്പിച്ചത്.

കേരള സംസ്ഥാന പുരസ്‌കാരങ്ങളില്‍ ഒമ്പത് അവാര്‍ഡുകളാണ് ആടുജീവിതം നേടിയത്. മികച്ച നടന്‍, മികച്ച സംവിധായകന്‍, മികച്ച അവലംബിത തിരക്കഥ ഉള്‍പ്പടെയുള്ള പുരസ്‌കാരങ്ങളാണ് ആടുജീവിതം നേടിയത്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *