കറിയില്‍ ഉപ്പ് കുറഞ്ഞാല്‍ ചോദ്യം അമ്മയോട്, ഉടുപ്പിന്റെ ബട്ടന്‍ പൊട്ടിയാല്‍ ഉത്തരവാദിത്വം അമ്മയ്ക്ക്… അങ്ങനെ തുടങ്ങി രാവിലെ ബ്രേക്ക് ഫാസ്റ്റിന് ഇഡലിക്ക് കറിയുണ്ടാക്കാന്‍ തലേന്ന് കടല വെള്ളത്തില്‍ ഇടണമെന്ന് വരെയുള്ള ആലോചനകളാണ് ഒരോ ദിവസവും അമ്മമാരുടെ തലയില്‍ കൂടി ഓടുന്നത്. കേള്‍ക്കുമ്പോള്‍ ഇതൊക്കെ എത്ര നിസാരം എന്ന് തോന്നാമെങ്കിലും സം​ഗതി ​ഗൗരവമുള്ളതാണ്.

വീട്ടുജോലികളിലെ ശരീരിക അധ്വാനം മാത്രമാണ് പലപ്പോഴും പുറത്തേക്ക് കാണുന്നത് എന്നാൽ ആ ജോലികൾക്ക് പിന്നിലെ ചെറുതല്ലാത്ത ബൗദ്ധിക അധ്വാനം വീട്ടമ്മമാർക്ക് പലപ്പോഴും കടുത്ത മാനസിക ബാധ്യതയാകാറുണ്ട്. ഇത്തരം ബൗദ്ധിക ഭാരം ചുമക്കുന്ന സ്ത്രീകളില്‍ ഉയര്‍ന്ന തലത്തില്‍ വിഷാദം, സമ്മര്‍ദം, ബന്ധങ്ങളിലെ അതൃപ്തി, വീര്‍പ്പുമുട്ടല്‍ എന്നിവയുള്ളതായി സാന്‍ ഫ്രാന്‍സിസ്‌ക്കോ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു.

ഒരു ഭം​ഗിക്ക് വീട്ടമ്മമാര്‍ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എത്തിയെന്ന് പറയാമെങ്കിലും വീട്ടമ്മമാര്‍ വീട്ടുജോലിയുടെ 64 ശതമാനം ശാരീരിക അധ്വാനത്തിനൊപ്പം 73 ശതമാനം ബൗദ്ധിക അധ്വാനവും ചെയ്യുന്നുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. വീട്ടുജോലികള്‍ എന്നാൽ അടുക്കളയിൽ പാചകം ചെയ്യുന്നതും പാത്രങ്ങള്‍ വൃത്തിയാക്കുന്നതും തുണി അലക്കുന്നതുമൊക്കൊണ് ചിന്തയില്‍ വരുന്നത് അല്ലേ, എന്നാല്‍ ഗാര്‍ഹിക അധ്വാനത്തിന് അദൃശ്യമായ മറ്റൊരു വശമാണ് ബൗദ്ധിക അധ്വാനം. ഇത് പലപ്പോഴും ബിഹന്റ് ദി സീന്‍ ആയതു കൊണ്ട് അധ്വാനമായി പരി​ഗണിക്കപ്പെടില്ല.

ആവശ്യങ്ങള്‍ മുന്‍കൂട്ടി കാണുന്നതിനും ആസൂത്രണം ചെയ്യുന്നതിനും സംഘടിപ്പിക്കുന്നതിനും എല്‍പ്പിക്കുന്നതിനും ഒരു വൈജ്ഞാനിക പരിശ്രമം ആവശ്യമാണ്. വീട്ടുജോലികളുടെ ഈ ബൗദ്ധിക വശം വീട്ടമ്മമാര്‍ക്ക് പലപ്പോഴും മാനസിക ഭാരമാകുന്നുവെന്ന് ആര്‍ക്കൈവ്‌സ് ഓഫ് വുമണ്‍സ് മെന്റല്‍ ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 322 അമ്മമാരില്‍ നടത്തിയ സര്‍വെയുടെ അടിസ്ഥാനത്തിലാണ് പഠനം.

വീട്ടു ജോലി വിഭജനം ചെയ്യുന്നത് മികച്ച രീതിയില്‍ മനസിലാക്കുന്നതിന് ഓരോ ജോലിയും രണ്ട് തരത്തില്‍ വിഭജിച്ചാണ് സര്‍വെ നടത്തിയത്.

1- ബൗദ്ധിക അധ്വാനം (വീട്ടു ജോലികള്‍ ആസൂത്രണം ചെയ്യുന്നത്, നിയോഗിക്കുന്നത്, ചിന്തിക്കുന്നത്, ഓര്‍മ്മപ്പെടുത്തുന്നത്).

2- ശാരീരിക അധ്വാനം; ഗാര്‍ഹിക ജോലികള്‍ നേരിട്ട് നിര്‍വഹിക്കുന്നത്. സര്‍വെയില്‍ പ്രത്യക്ഷമായ ലിംഗപരമായ അസമത്വം കണ്ടെത്താന്‍ സാധിച്ചതായി ഗവേഷകര്‍ പറയുന്നു. അമ്മമാര്‍ കൂടുതല്‍ ശാരീരികമായി വീട്ടുജോലികള്‍ ചെയ്യുക മാത്രമല്ല, പങ്കാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വൈജ്ഞാനിക അധ്വാനത്തിന്റെ ഗണ്യമായ പങ്ക് വഹിക്കുന്നതായും കണ്ടെത്തി.

ശരാശരി അമ്മമാര്‍ പങ്കാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 73 ശതമാനം ബൗദ്ധിക ഭാരം ചുമക്കുന്നുണ്ട്. അച്ഛന്മാര്‍ ആകട്ടെ ഇത് 27 ശതമാനവും. കൂടാതെ ശാരീരിക ഗാര്‍ഹിക അധ്വാനത്തിന്റെ 64 ശതമാനവും അമ്മമാരാണ് ചെയ്യുന്നതെന്നും പഠനത്തില്‍ ചൂണ്ടികാണിക്കുന്നു. അച്ഛന്മാര്‍ കൂടുതലും ഹോം മെയിന്റനന്‍സ് ജോലികള്‍ ചെയ്യുന്നു എന്നാല്‍ കൂടുതലും ആസുത്രണം ചെയ്യുന്നത് അമ്മമാരാണ്.

വീട്ടിലെ മാലിന്യ നിര്‍മാര്‍ജനം മാത്രമാണ് അച്ഛന്മാർ കൂടുതല്‍ ആസൂത്രണവും നിര്‍വഹണവും നടത്തിയ ഒരേയൊരു ജോലിയെന്നും പഠനത്തിൽ ചൂണ്ടികാണിക്കുന്നു. കുടുംബത്തിലെ തൊഴില്‍പരമായ ഈ അസമത്വം സാമൂഹ്യമായും സ്വാധീനം ചെലുത്തും. ശമ്പളമുള്ള തൊഴില്‍ ശക്തിയില്‍ സ്ത്രീകളുടെ പൂര്‍ണ പങ്കാളിത്തം അടിച്ചമര്‍ത്തുകയും സ്ത്രീകളുടെ ആരോഗ്യത്തെയും ക്ഷേമത്തെയും സാരമായി ബാധിക്കുകയും ചെയ്യുന്നു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *