തിരുവനന്തപുരം: ദീപാവലി, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ആഭ്യന്തര വകുപ്പ്. അന്തരീക്ഷ മലിനീകരണം കുറഞ്ഞ ‘ഹരിത പടക്കങ്ങൾ’ മാത്രമേ ആഘോഷങ്ങളിൽ ഉപയോഗിക്കാൻ പാടൊള്ളു.
ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ രണ്ട് മണിക്കൂർ മാത്രം സമയം അനുവദിച്ചു. രാത്രി എട്ട് മണി മുതൽ 10 മണി വരെ പടക്കം പൊട്ടിക്കാം. ക്രിസ്മസിനും പുതുവർഷത്തിനും രാത്രി 11.55 മണി മുതൽ 12.30 വരെയാണ് പടക്കം പൊട്ടിക്കാനുള്ള സമയം.
ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരമാണ് ആഭ്യന്തര വകുപ്പ് സമയക്രമം പുറത്തുവിട്ടത്. സമയക്രമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്തം ജില്ല കലക്ടർക്കും ജില്ല പൊലീസ് മേധാവിക്കുമാണ്. മുൻ വർഷത്തെ സമയക്രമം തന്നെയാണ് ഇത്തവണയും പ്രാബല്യത്തിൽ കൊണ്ടുവന്നത്.