രൂപകന്‍, ചിന്തകന്‍, നോവലിസ്റ്റ് തുടങ്ങിയ നിലകളില്‍ ദശാബ്ദങ്ങളായി കേരളത്തിന്റെ സാംസ്കാരികമണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുന്ന എസ്.കെ. വസന്തന്‍മാഷ് ഏറ്റവും ശ്രദ്ധേയനാകുന്നത് മലയാളം കണ്ട മഹാഗുരുക്കളില്‍ ഒരാള്‍ എന്ന നിലയ്ക്കാണ്. ആ പദവി അലങ്കരിക്കാന്‍ നമുക്കിന്ന് അധികം പേരില്ല. തൂവെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച, കൃശഗാത്രനായ ആ അദ്ധ്യാപകന്റെ ക്ലാസ്സുകള്‍ സമ്പന്നമാക്കിയ വിദ്യാര്‍ത്ഥിപരമ്പരകള്‍ എത്രയെത്ര! ക്ലാസ്മുറികള്‍ സാഹിത്യത്തിന്റെ വിശാലചക്രവാളത്തിലേക്ക് വിദ്യാര്‍ത്ഥികളെ നയിക്കാനുള്ള ഒരു ഉപാധി മാത്രമായിരുന്നു അദ്ദേഹത്തിന്. അതേ യത്നം, തന്റെ കൃതികളിലൂടെയും അദ്ദേഹം തുടര്‍ന്നു. സാംസ്കാരികചരിത്രപഠനം, വിവര്‍ത്തനം തുടങ്ങിയ മേഖലകളിലും അദ്ദേഹം നല്‍കിയ നിസ്സീമമായ സംഭാവന ഈ സന്ദര്‍ഭത്തില്‍ അനുസ്മരിക്കട്ടെ.
നിരൂപണത്തില്‍ വസന്തന്‍മാഷ് പുലര്‍ത്തിയ കാര്‍ക്കശ്യം പലര്‍ക്കും രുചിക്കില്ലെങ്കിലും അദ്ദേഹത്തിന്റെ സാഹിത്യവിമര്‍ശനത്തിന്റെ കാമ്പ് ഈ വിട്ടുവീഴ്ചയില്ലായ്മ തന്നെയാണ്. സാഹിത്യത്തില്‍, വിശിഷ്യാ കവിതയില്‍, വന്ന പുതിയകാല പ്രവണതകളെ ചൂണ്ടിക്കാട്ടാനും വിമര്‍ശിക്കേണ്ടിടത്ത് തീക്ഷ്ണമായി വിമര്‍ശിക്കാനും ഒട്ടും മടികാണിച്ചിട്ടില്ല അദ്ദേഹം. മലയാളകവിതയുടെ ചരിത്രപരമായ സൗന്ദര്യത്തെയും അതിന്റെ സാംസ്കാരികമായ തായ് വേരുകളെയും ആദരിക്കുകയും, അതിനെ തന്റെ കാവ്യാനുശീലനത്തിന്റെ അടിസ്ഥാനമായി കാണുകയും ചെയ്തു അദ്ദേഹം. ഒരു നല്ല കവിത വായിക്കുമ്പോള്‍, ഓരോ കാലടിവയ്പിലും ഒരു നിധികുംഭം ഒളിഞ്ഞിരിക്കുന്നു എന്നൊരു തോന്നല്‍ അനുവാചകന് ഉണ്ടാകണം എന്ന് വസന്തന്‍മാഷ് എഴുതുന്നുണ്ട്. ഉദാത്തമാവണം കാവ്യാനുഭൂതി എന്ന തന്റെ കാഴ്ചപ്പാടില്‍ ഒരു വിട്ടുവീഴ്ചയും വരുത്താന്‍ അദ്ദേഹം സന്നദ്ധനായിരുന്നില്ല. തന്റെ നിരൂപണങ്ങളില്‍ ഈ ദര്‍ശനം സദാ ഉയര്‍ത്തിപ്പിടിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. മലയാളത്തിന്റെ സമ്പന്നവും സമൃദ്ധവുമായ കാവ്യപാരമ്പര്യത്തോടു തട്ടിച്ചു മാത്രമേ ഏറ്റവും പുതിയ രചനയെപ്പോലും അദ്ദേഹം വിലയിരുത്തുകയുള്ളൂ. അദ്ദേഹത്തിന്റെ നിരൂപകപ്രതിഭയുടെ സ്ഥായിയായ തിളക്കം ആദര്‍ശാധിഷ്ഠിതമായ ഈ വാശി തന്നെയാണ്.
സാഹിത്യത്തില്‍ മാത്രമേ അദ്ദേഹം ഈ പാരമ്പര്യവാദം പുലര്‍ത്തുന്നുള്ളൂ എന്നതു ശ്രദ്ധേയമാണ്. നവോത്ഥാന, പുരോഗമനമൂല്യങ്ങള്‍ നഷ്ടമാകുന്ന സമൂഹത്തെക്കുറിച്ചുള്ള ആശങ്കകള്‍ പല വേദികളിലും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ജാതിയും മതവും സാമ്പത്തിക അസമത്വവും കേരളത്തിന്റെ നവോത്ഥാനമൂല്യങ്ങളെ പിന്നോട്ടടിപ്പിക്കുന്നതില്‍ ദുഃഖിതനാണ് അദ്ദേഹം.
സംസ്കാരപഠനരംഗത്ത് കേരള സംസ്കാരചരിത്രനിഘണ്ടുവിലൂടെ അദ്ദേഹം നടത്തിയ വലിയ ഇടപെടല്‍, ഈ കാഴ്ചപ്പാടിന്റെ തുടര്‍ച്ചയാണ്. ഗവേഷണപഠനകാലത്ത് എഴുതിയ കേരളചരിത്രനിഘണ്ടുവിനെ വിപുലീകരിച്ച് തയ്യാറാക്കിയ കേരള സംസ്കാരചരിത്രനിഘണ്ടു വസന്തന്‍മാഷ് കേരളത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ്. ചരിത്രവും സംസ്കാരവും രണ്ടു പഠനപദ്ധതികളെന്ന നിലയില്‍ യോജിക്കുകയും വിയോജിക്കുകയും ചെയ്യുന്ന മണ്ഡലങ്ങളെ അക്കാദമികമായി അടയാളപ്പെടുത്താന്‍ ഈ കൃതിയിലൂടെ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. മലയാളം കണ്ട ഏറ്റവും കനപ്പെട്ട റഫറന്‍സ് ഗ്രന്ഥങ്ങളില്‍ ഒന്നുകൂടിയാണ് കേരള സംസ്കാരചരിത്രനിഘണ്ടു. നമ്മള്‍ നടന്ന വഴികള്‍, നിരൂപകന്റെ വായന, അരക്കില്ലം, ഉദ്യോഗപര്‍വ്വം എന്നിങ്ങനെ കഥ, നോവല്‍, നിരൂപണം തുടങ്ങിയ വൈവിദ്ധ്യമാര്‍ന്ന സാഹിത്യശാഖകളിലായി നാല്പതിലധികം കൃതികള്‍ വസന്തന്‍മാഷ് രചിച്ചിട്ടുണ്ട്.
മലയാളത്തിന്റെ സാഹിത്യനിരൂപണശാഖ, അതിന്റെ ബാലാരിഷ്ടതകള്‍ പിന്നിട്ട് എം പി ശങ്കുണ്ണിനായരേയും മുണ്ടശ്ശേരിയേയും മാരാരെയും പോലെയുള്ള പ്രതിഭാശാലികളിലൂടെ കരുത്തുറ്റതും സ്വതന്ത്രവുമായ ഒരു സര്‍ഗ്ഗാത്മക സാഹിത്യശാഖയായി മാറി. ആ നിരൂപണശാഖയ്ക്ക് കരുത്തും ആര്‍ജ്ജവവും നല്‍കുന്നതില്‍ എം. ലീലാവതിയെയും ഡോ. എസ്.കെ. വസന്തനെയും പോലുള്ള പ്രതിഭാശാലികള്‍ വഹിച്ച പങ്ക് ചെറുതല്ല. നിരൂപകന്‍, സാഹിത്യപഠിതാവോ കേവലവിമര്‍ശകനോ അല്ല. അതിവിശാലമായ ഒരു ചിന്താപദ്ധതിയുടെ ഭാഗമായി സാഹിത്യത്തെ പ്രതിഷ്ഠിക്കുകയും, അതിനെ വിവിധ കോണുകളില്‍നിന്ന് നോക്കിക്കാണുകയും ബാഹ്യസമ്മര്‍ദ്ദങ്ങളേതുമില്ലാതെ വിലയിരുത്തുകയും ചെയ്യുന്നയാളാണ്. അദ്ദേഹത്തിന്റെ നിരൂപണങ്ങളുടെ സാഹിത്യഗുണം, കവിതയെപ്പോലും അതിശയിപ്പിക്കുന്നു.
‘ഒരു മോശപ്പെട്ട രചന എന്റെ സംസ്കാരത്തിനു നേരെയുള്ള കടന്നുകയറ്റമാണ്’ എന്ന നിരീക്ഷണം, വസന്തന്‍മാഷുടെയും നിരൂപണത്തിനു പിന്നിലെ തത്ത്വമായി കാണണം. കവിത താളാത്മകവും ഛന്ദോബദ്ധവുമാകണം എന്നു നിഷ്കര്‍ഷിക്കുന്ന അദ്ദേഹം സാഹിത്യത്തിന്റെ സാമൂഹ്യധര്‍മ്മത്തെക്കുറിച്ചും ഏറെ ബോധവാനാണ്. കലയിലൂടെ ഒരാള്‍ക്കുണ്ടാകുന്ന ആത്മീയവും മാനസികവുമായ സൗകുമാര്യം, അയാളുള്‍പ്പെടുന്ന സമൂഹത്തിനു നല്‍കുന്ന സൗന്ദര്യത്തെക്കുറിച്ച് വാചാലനാണ് അദ്ദേഹം. മലയാളത്തിന്റെ നിരൂപണശാഖയിലെ പക്വവും പരിണതപ്രജ്ഞവുമായ ഒരു തലമുറയുടെ അവസാന കണ്ണികളിലൊരാളായ വസന്തന്‍മാഷിന് അദ്ദേഹം കൈരളിക്കു നല്‍കിയ സമഗ്രമായ സംഭാവനകളെ ആദരിച്ചുകൊണ്ട് നല്‍കുന്ന ഈ പുരസ്കാരം, മലയാളഭാഷയുടെ കൂടി അന്തസ്സുയര്‍ത്തുന്നതാണ്. സാഹിത്യവിമര്‍ശനത്തിന്റെ ക്ലാസിക് വഴികളിലേക്ക് തിരിഞ്ഞുനോക്കാനും, അതിന്റെ ആദര്‍ശാത്മകതയും സൗന്ദര്യവും തിരിച്ചറിയാനും അദ്ദേഹത്തിന്റെ കൃതികള്‍ വീണ്ടും വീണ്ടും വായിക്കാനും മലയാളത്തിലെ സാഹിത്യപ്രേമികള്‍ക്ക് ഈ പുരസ്കാരം ഒരു നിമിത്തമാകട്ടെ എന്ന് ആശംസിക്കുന്നു.
There is no ads to display, Please add some