അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഓർമപുതുക്കി നബിദിനത്തെ വരവേറ്റ് ഇസ്ലാം മത വിശ്വാസികൾ.
ഹിജ്റ വർഷ പ്രകാരം റബീഉൽ അവ്വൽ 12-നാണ് പ്രവാചകന്റെ ജന്മദിനം. സന്ദേശജാഥകൾ, കുട്ടികളുടെ കലാപരിപാടികൾ, മൗലീദ് പാരായണം, പ്രകീർത്തനം, മതപ്രസംഗം, ഭക്ഷണ വിതരണം തുടങ്ങി വൈവിധ്യമാർന്ന രീതിയിലാണ് സാധാരണ നബിദിന പരിപാടികൾ നടത്തിവരാറുള്ളത്.

പ്രധാനമായും മസ്ജിദുകളും മദ്രസകളും കേന്ദ്രീകരിച്ചാണ് ആഘോഷങ്ങൾ നടക്കുന്നത്. സംഘടനകളുടെ നേതൃത്വത്തിലും പരിപാടികൾ നടക്കും. വിവിധ മദ്റസകളിൽ നബിദിനത്തിൽ തന്നെ കുട്ടികളുടെ കലാപരിപാടികൾ നടക്കുമ്പോൾ ചില മദ്റസകളിൽ വരും ദിവസങ്ങളിലും കലാപരിപാടികളും മറ്റും നടക്കും.
നബി കീർത്തനങ്ങളാൽ മുഖരിതമാണ് നാടും നഗരവും. വിവിധ പ്രദേശങ്ങളിൽ മസ്ജിദുകളും മറ്റും ദീപങ്ങളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിൽ പകർത്താനുള്ള പ്രതിജ്ഞയെടുത്താണ് വിശ്വാസികൾ നബിദിനം ആഘോഷിക്കുന്നത്.
ഏവർക്കും ക്രിട്ടിക്കൽ ടൈംസ് ന്യൂസ് ടീമിന്റെ നബിദിനാശംസകൾ..