കോഴിക്കോട്: കോഴിക്കോട് മരുതോങ്കരയിൽ നിപ ബാധിച്ചു മരിച്ച 47കാരന്റെ റൂട്ട് മാപ് പുറത്തുവിട്ടു. ഓഗസ്റ്റ് 22 നാണ് മരിച്ചയാള്‌ക്ക് ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. ആഗസ്റ്റ് -23 വൈകീട്ട് 7 മണിക്ക് തിരുവള്ളൂർ കുടുംബ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് ഓഗസ്റ്റ് -25 11 മണിക്ക് മുള്ളംകുന്ന് ഗ്രാമീണ ബാങ്ക് സന്ദർശിച്ചു. ഇതേ ദിവസം 12:30 കള്ളാട് ജുമാ മസ്ജിദ് സന്ദർശിച്ചതായും റൂട്ട് മാപ്പിലുണ്ട്.
ആഗസ്റ്റ് -26 രാവിലെ 11 മുതൽ 1:30 വരെ കുറ്റ്യാടി ഡോ.ആസിഫലി ക്ലിനിക്കിൽ, ആഗസ്റ്റ് – 28 രാത്രി 09:30 ന് തൊട്ടിൽപാലം ഇഖ്ര ആശുപത്രിയിൽ, ആഗസ്റ്റ് 29- അർദ്ധരാത്രി 12 ന് കോഴിക്കോട് ഇഖ്ര ആശുപത്രിയിൽ, ആഗസ്റ്റ് -30 ന് ആശുപത്രിയിൽ വെച്ച് മരിച്ചു.-ഇത്തരത്തിലാണ് റൂട്ട് മാപ്പിലുള്ളത്.
നിപ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ട കൂടുതൽ പേരെ കണ്ടെത്തി. മൂന്ന് കേസുകളിൽ നിന്നായി നിലവിൽ ആകെ 702 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ആദ്യം മരണപ്പെട്ട ആളുടെ സമ്പർക്ക പട്ടികയിൽ 371 പേരും രണ്ടാമത്തെ ആളുടെ സമ്പർക്കപട്ടികയിൽ 281 പേരും ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 50 പേരുമാണുള്ളത്.
അതേസമയം നിപ ജില്ലയിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.ആന്റി ബോഡി ലഭ്യമാക്കുന്നതിന് ഐസിഎംആറുമായി ബന്ധപ്പെട്ടുവെന്നും വിമാനമാർഗ്ഗം മോണോ ക്ലോണൽ ആന്റിബോഡി എത്തിക്കുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്രസഹായം അഭ്യർഥിച്ചിരുന്നെന്നും മൊബൈൽ ലാബ് സ്ഥാപിക്കാൻ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘം ഇന്ന് വൈകിട്ട് എത്തുമെന്നും മന്ത്രി അറിയിച്ചു.