മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എംടി വാസുദേവന്‍ നായര്‍ നവതിയുടെ നിറവിൽ.ലോകത്തെവിടെയായാലും മലയാളിയ്ക്ക് സ്വന്തം നാടു പോലെ പ്രിയങ്കരമാണ് എംടി എന്ന രണ്ടക്ഷരം. വായനയുടെയും എഴുത്തിന്റെയും ലോകത്ത് പ്രവേശിക്കുന്ന ഏതൊരാളും ആദരവോടെ മാത്രം പറയുന്ന പേര്. മനുഷ്യമനസ്സിലെ ഓരോ വികാരങ്ങളെയും കഥാപാത്രങ്ങളിലൂടെ വായനക്കാരിലേക്ക് എത്തിക്കുന്ന എഴുത്തിന്‍റെ മാന്ത്രികൻ. എം.ടി എന്ന് മലയാളികൾ ചുരുക്കിവിളിക്കുന്ന പ്രിയ കഥാകൃത്ത് നവതിയിലേക്ക് പ്രവേശിക്കുമ്പോൾ മലയാളികളും ആഘോഷിക്കുകയാണ്.
നിളാ നദിയുടെ തീരഗ്രാമമായ കൂടല്ലൂരിൽ 1933 ജൂലൈ 15 നാണ് എം.ടിയുടെ ജനനം. അച്ഛൻ: പുന്നയൂർക്കുളം ടി. നാരായണൻ നായർ അമ്മ : മാടത്ത് തെക്കേപ്പാട്ട് അമ്മാളു അമ്മ. പൊന്നാനി താലൂക്കിൽ കൂടല്ലൂരിലെ അമ്മയുടെ തറവാട്ടുപേരായ മാടത്ത് തെക്കേപ്പാട്ടിന്റെ ലോപിച്ച രൂപമാണ് പിന്നീടു വിശ്വപ്രസിദ്ധമായ എം.ടി. എന്ന രണ്ടക്ഷരം. നാലു സഹോദരൻമാരിൽ ഇളയവനായാണു പിറവി.
മലമക്കാവ് എലിമെന്ററി സ്‌കൂളിലും കുമരനെല്ലൂർ ഹൈസ്‌കൂളിലും പാലക്കാട് വിക്‌ടോറിയ കോളജിലും വിദ്യാഭ്യാസം. വിക്‌ടോറിയയിൽനിന്ന് കെമിസ്‌ട്രിയിൽ ബി.എസ്‌സി. ബിരുദം നേടിയ ശേഷം പട്ടാമ്പി, ചാവക്കാട് ഹൈസ്‌കൂളുകളിലും പാലക്കാട്ട് എം.ബി. ട്യൂട്ടോറിയൽസിലും അധ്യാപകവൃത്തി. ’56 ൽ മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ സബ് എഡിറ്റർ ട്രെയിനിയായി. മുഖ്യപത്രാധിപരായിരുന്ന എൻ. വി. കൃഷ്‌ണവാര്യർ ’68 ൽ ആ സ്‌ഥാനമൊഴിഞ്ഞപ്പോൾ എം.ടി. മുഖ്യപത്രാധിപരായി. ’81 വരെ ആ സ്‌ഥാനത്തു തുടർന്നു. പിന്നീട് ചെറിയ ഇടവേളയ്‌ക്കുശേഷം ’89 ൽ മാതൃഭൂമി പീരിയോഡിക്കൽസിന്റെ എഡിറ്ററായി. ’99 ൽ രാജിവച്ചു പിരിഞ്ഞു.
കർക്കടകത്തിലെ ഉത്തൃട്ടാതി നാളിൽ ദാരിദ്ര്യത്തിന്റെ കുത്തൊഴുക്കിലേക്കു പിറന്നുവീണ എം.ടിക്കു ചെറുപ്പത്തിലേ ഭൂഷണമായിരുന്നത് അക്ഷരസ്‌നേഹം മാത്രം. മഹാകവി അക്കിത്തവുമായുള്ള ആത്മബന്ധം അക്ഷരാവേശത്തെ ജ്വലിപ്പിച്ചു. എസ്.എസ്.എൽ.സി. പഠനകാലത്തു സ്‌കൂൾ കൈയ്യെഴുത്തു മാസിക ‘വിദ്യാർഥിമിത്ര’ത്തിൽ വന്നതാണ് ആദ്യകഥ- ‘വിദ്യാർഥി’. ’48 ൽ ഗുരുവായൂരിൽനിന്നിറങ്ങിയ ‘കേരളക്ഷേമ’ത്തിൽ എം.ടിയുടെ ആദ്യകൃതി അച്ചടിമഷി പുരണ്ടു. ‘ഇന്ത്യയിലെ വൈരവ്യവസായം’ എന്ന ലേഖനമായിരുന്നു അത്. അച്ചടിച്ച ആദ്യകഥ ‘വിഷുവാഘോഷം’. അച്ചടിച്ചു വന്നത് എം. വി. ദേവന്റെ നേതൃത്വത്തിൽ മദ്രാസിൽനിന്നിറങ്ങിയ ‘ചിത്രകേരള’ത്തിൽ. ആദ്യം പ്രസിദ്ധീകരിച്ച കഥാസമാഹാരം ‘രക്‌തം പുരണ്ട മൺതരികൾ’. പാലക്കാട്ടെ സുഹൃത്ത് എം. ഗോവിന്ദനുണ്ണിയുടെ നിർബന്ധത്തെത്തുടർന്ന് ഡിഗ്രി പഠനത്തിനിടെ ’52 ഒക്‌ടോബറിലായിരുന്നു ഇത്. ’53 ൽ ന്യൂയോർക്ക് ഹെറാൾഡ്, ഹിന്ദുസ്‌ഥാൻ ടൈംസ്, മാതൃഭൂമി എന്നിവ ചേർന്നു നടത്തിയ ലോക ചെറുകഥാ മത്സരത്തിൽ ‘വളർത്തുമൃഗങ്ങൾ’ ഒന്നാം സ്‌ഥാനം നേടിയതോടെ മലയാള കഥാസാമ്രാജ്യത്തിൽ എം.ടി. സജീവമായി.‘
‘പാതിരാവും പകൽവെളിച്ചവും’ ആണ് ആദ്യനോവലെങ്കിലും ആദ്യം പ്രസിദ്ധീകരിച്ചത് ‘നാലുകെട്ടാ’ണ് (1954). അക്കാലത്തെ കേരളീയ നായർ സമുദായത്തെ അക്ഷരങ്ങളിലൂടെ അപ്പടി വരച്ചുവച്ച എം.ടിക്ക് ആദ്യത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്തതും ‘നാലുകെട്ട്’ തന്നെ. പിന്നീടിങ്ങോട്ട് മലയാള കഥയുടെയും നോവലിന്റെയും സിനിമാസാഹിത്യത്തിന്റെയും ലോകത്ത് എം.ടിയുടെ അശ്വമേധകാലം.
നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ നിലകളിൽ എം.ടി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.1963ൽ സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയെഴുതി എം.ടി സിനിമയിലേക്കും ചുവടുവെച്ചു. 1973-ൽ ആദ്യമായി സംവിധാനം ചെയ്ത് നിർമ്മിച്ച ‘നിർമാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള എംടിക്ക് സിനിമയിൽ ലഭിച്ചത് നാല് ദേശീയ പുരസ്ക്കാരങ്ങളാണ്. കടവ്, ഒരു വടക്കൻ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങൾക്കും ദേശീയപുരസ്കാരം ലഭിച്ചു.
അദ്ദേഹത്തിന്‍റെ കൃതികളായ ‘കാലം’(1970-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്), ‘രണ്ടാമൂഴം’ (1985-വയലാർ അവാർഡ്)[9], വാനപ്രസ്ഥം (ഓടക്കുഴൽ അവാർഡ്) എന്നിവയ്ക്കും സുപ്രധാന പുരസ്ക്കാരങ്ങൾ ലഭിച്ചു.ഏതുകാലത്തോടും സംവദിക്കുന്ന എഴുത്ത്, അത് നിലനിര്‍ത്താനുള്ള കണിശമായ ഏകാഗ്രത, പുറംഇടപെടലുകളേല്‍ക്കാത്ത ജാഗ്രത ഇതൊക്കെയാണ് എം.ടി. വാസുദേവന്‍ നായര്‍ എന്ന സാഹിത്യകാരനെ എന്നും ഉയരത്തില്‍ നിര്‍ത്തുന്നത്. ഇതുപൊലൊരാള്‍ മലയാളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. എഴുത്തുകാരന്‍ സര്‍വാണിയല്ലെന്ന പാഠംകൂടിയാണ് എം.ടി മുന്നോട്ട് വയ്ക്കുന്നത്.
There is no ads to display, Please add some