കോട്ടയം : കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ വിദ്യാർഥികൾക്കിടയിൽ വർഗീയവിഷം കുത്തിനിറയ്ക്കാൻ വ്യാജ കമന്റിട്ടയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയ പോലീസ് വെട്ടിൽ.
അബ്ദുൽ ജലീൽ താഴെപ്പാലം എന്ന പേരിൽ ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈലുള്ള ആൾക്കെതിരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുകയും ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയും ചെയ്തത്. എന്നാൽ ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൻ ട്വിസ്റ്റ് ആണ് സംഭവിച്ചത്.
അമൽ ജ്യോതി കോളേജിലെ സമരം ആളിക്കത്തിച്ചാൽ ഹിന്ദു ക്രിസ്ത്യൻ കുട്ടികളെ മതം മാറ്റാമെന്നുള്ള ഫേയ്സ്ബുക്ക് കമന്റിനെ തുടർന്നാണ് പോലീസിന് പരാതി ലഭിച്ചത്. കോട്ടയത്തെ ഒരു പ്രമുഖ ഓൺലൈൻ മാധ്യമമാണ് ഇതിനെതിരെ പരാതി നൽകിയത്. മുഖ്യമന്ത്രിക്ക് അടക്കം മാധ്യമപ്രവർത്തകൻ പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിയുടെ നിജസ്ഥിതി മനസ്സിലാക്കാതെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയും ചെയ്തു.
ഇതിനു പിന്നാലെ അബ്ദുൽ ജലീൽ താഴെപ്പാലം എന്ന പേരിൽ സോഷ്യൽ മീഡിയയിൽ കമന്റിട്ട വ്യക്തിയുടേത് ഒരു വ്യാജ അക്കൗണ്ടാണ് എന്നാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇത് പാക്കിസ്ഥാൻ സ്വദേശിയായ മുഹമ്മദ് താരീഖ് മജീദ് എന്നയാളുടെ ഫെയ്ക്ക് അക്കൗണ്ട് ആണ്. പോലീസിന് അമളി പറ്റിയെന്ന് മനസ്സിലായതോടെ നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. വ്യാജ കമന്റിന്റെ നിജസ്ഥിതി മനസ്സിലാക്കാതെ കേസെടുത്ത പോലീസും പരാതി നൽകിയ മാധ്യമപ്രവർത്തകനും വെട്ടിലായ മട്ടിലാണ്.
There is no ads to display, Please add some